Sorry, you need to enable JavaScript to visit this website.

ഹാദിയ കേസിലെ സുപ്രീം കോടതിയുടെ അസാധാരണ ഉത്തരവ്: ജുഡീഷ്യറിക്ക് മുന്‍വിധിയോ? 

ഹാദിയ കേസുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തു വന്ന സുപ്രീം കോടതി ഉത്തരവ് വിചിത്രമായ ഒരു വ്യാഖ്യാനത്തിന് വേഗത്തില്‍ വഴങ്ങുന്ന ഒന്നാണ്. ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ഹാദിയയുമായുള്ള തന്റെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഹാദിയയുടെ കേസ്, മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സ് (എന്‍ ഐ എ) അന്വേഷിക്കണമെന്നാണ് ഉത്തരവിട്ടിട്ടുള്ളത്.

കേസില്‍ എന്‍ ഐ എ അന്വേഷണത്തിലെ വിശ്വാസ്യതയില്‍ ഷഫിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സംശയം പ്രകടിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് രവീന്ദ്രന്റെ സഹായം തേടാം എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ജസ്റ്റിസ് രവീന്ദ്രന്റെ കാര്യത്തില്‍ കോടതി ഒരു യോജിപ്പിലെത്തുകയായിരുന്നു. മലയാളം അറിയാമെന്നതു കൊണ്ടും കേസ് രേഖകള്‍ മലയാളത്തിലായതു കൊണ്ടും മുന്‍ സുപ്രീം കോടതി ജഡ്ജി കെ എസ് രാധാകൃഷ്ണനെയാണ് ബെഞ്ച് ആദ്യം നിര്‍ദേശിച്ചത്. കേരളത്തില്‍ നിന്നു തന്നെയുള്ള മറ്റൊരു മുന്‍ ജഡ്ജായ ജസ്റ്റിസ് കെ.ടി തോമസിന്റെ പേരും കോടതി പരിഗണനയില്‍ വന്നു. 

എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജി പ്രാദേശിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് സ്വതന്ത്രരായ, കേരളത്തിനു പുറത്തു നിന്നുള്ള ആരെങ്കിലും ആയിരിക്കണമെന്ന ഷഫിന്റെ വാദം ബെഞ്ച് മുഖവിലക്കെടുത്തുവെന്ന് കരുതാം. അങ്ങനെയാണ് ജസ്റ്റിസ് രവീന്ദ്രന്‍ വരുന്നത്. എന്നാല്‍ ഇവിടെ വസ്തുത മറ്റൊന്നാണ്. എന്‍ ഐ എ അന്വേഷണം ജസ്റ്റിസ് രവീന്ദ്രനെ പോലുള്ള ഒരു സ്വതന്ത്ര ജഡ്ജിയുടെ മേല്‍നോട്ടമില്ലാതെ നീതിപൂര്‍വ്വകമാവില്ലെന്ന് ബെഞ്ചിനും ഷഫിന്റെ അഭിഭാഷകനും തോന്നിയത് തന്നെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നതിന്റെ തെളിവാണ്. 

കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് രവീന്ദ്രന്, എന്‍ ഐ എക്കു വേണ്ടി ബാംഗ്ലൂരില്‍ നടത്തുന്ന സിറ്റിങിന് ഒരു ലക്ഷം രൂപ വീതവും ബാംഗ്ലൂരിന് പുറത്തുള്ള സിറ്റിംഗിന് രണ്ടു ലക്ഷം രൂപ വീതവും ഫീസ് നല്‍കണം. ഇതു കൂടാതെ കര്‍ത്തവ്യ നിര്‍വഹണത്തിനായുള്ള യാത്ര, താമസം, സെക്രട്ടേറിയല്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കണം. ബില്ല് സമര്‍പ്പിക്കുന്ന മുറയ്ക്ക് രണ്ടാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ അദ്ദേഹത്തിന് പണം നല്‍കിയിരിക്കുകയും വേണം.    

ഒരു മുന്‍ജഡ്ജിക്കു വേണ്ടി വരുന്ന ഇത്ര വലിയ ചെലവ് ചിലര്‍ക്ക് അമിതമായി തോന്നിയേക്കാമെങ്കില്‍, അന്വേഷണത്തിലെ നീതി സംബന്ധിച്ച് അതിലേറെ വലിയ നാണക്കേടാണ് ഈ ഉത്തരവിലുള്ളത്. അര്‍ഹതകളുടെ അടിസ്ഥാനത്തില്‍ അവസാനമായി ഈ കേസില്‍ വാദം കേള്‍ക്കുന്നതിനു മുമ്പ് അഖിലയുടെ (പുതിയ പേരായ ഹാദിയ എന്ന വാക്ക് കോടതി ഉപയോഗിച്ചില്ല. അവളുടെ മതംമാറ്റം കോടതി അംഗീകരിക്കുന്നില്ലെന്ന് സൂചന) സാന്നിധ്യം കോടതിക്ക് ആവശ്യമായി വരികയും ഒരു അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് അവളുമായി രഹസ്യമായി സംസാരിക്കുകയും ചെയ്യേണ്ടി വരുമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഈ കേസ് തുടര്‍ന്ന് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

  എന്നെ എന്തിന് കെട്ടിയിടുന്നു, ഹാദിയയുടെ വീട്ടിൽ രാഹുൽ ഈശ്വറിന്റെ വരവ് വിവാദമായി​

അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് ബെഞ്ച് ഹാദിയയെ കാണുമെന്ന് പറയുന്നത് മറ്റൊരു സൂചന നല്‍കുന്നുണ്ട്. കോടതിയില്‍ ഹാജരായി ഹാദിയ നല്‍കുന്ന മൊഴി അന്വേഷണത്തിലെ കണ്ടെത്തലിനു വിരുദ്ധമായാല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ബാധ്യത ബെഞ്ചിനുമേല്‍ ഉണ്ടാകില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ദൗര്‍ഭാഗ്യകരമായിരിക്കും. കാരണം ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേസ് എന്‍ ഐ എ അന്വേഷിക്കണമെന്ന് ഉത്തരവിട്ടതും ബെഞ്ചാണ്. ബെഞ്ച് ഹാദിയയെ വിശ്വസിക്കാനിടയില്ലെങ്കില്‍ അവളെ അവസാന ഘട്ടത്തില്‍ നേരിട്ട് കാണുന്നതില്‍ വലിയ കാര്യവുമില്ല. അവളുടെ വാദം അംഗീകരിക്കപ്പെട്ടാല്‍ അത് മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ എന്‍ ഐ എ നടത്തിയ അന്വേഷണത്തിന്റെ വിശ്വാസ്യതയായും വ്യാഖ്യാനിക്കപ്പെടും. രണ്ടായാലും അത് കോടതിയുടെ അന്തസ്സിന് ഒരു നേട്ടവും ഉണ്ടാക്കില്ല.

ഹാദിയ വെറും കുട്ടിയല്ലെന്നും അവളെ (രക്ഷിതാക്കളുടെ ) വീട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നും അതിനാല്‍ ബെഞ്ച് എത്രയും പെട്ടെന്ന് അവളുമായി സംസാരിച്ച് വസ്തുതകളെ പരിശോധിച്ചറിയണമെന്നുമുള്ള ഷഫിന്റെ അഭിഭാഷകരായ സിബലിന്റേയും ഇന്ദിര ജയ്‌സിംഗിന്റേയും വാദങ്ങളും ബെഞ്ച് അംഗീകരിച്ചില്ല. കോടതി മുന്‍വിധി കാണിക്കുകയാണെന്നും അഖിലയെ (ഹാദിയ) നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന ധാരണയാണ് കോടതിക്കെന്നും ബെഞ്ചിനോട് സിബല്‍ പറഞ്ഞെങ്കിലും ഇത് കോടതി നിഷേധിച്ചു.

ചീഫ് ജസ്റ്റിസ് ബ്ലൂ വെയ്ല്‍ ഗെയിമിനെ പരാമര്‍ശിച്ചതും അത് കുട്ടികളെ മനസ്സിനെ എങ്ങനെ സ്വാധീക്കുന്നുവെന്ന് സൂചിപ്പിച്ചതും, സമാന രീതിയില്‍ ഹാദിയയെ അവളുടെ മെന്റര്‍മാര്‍ സ്വാധിനിച്ചിട്ടുണ്ടാകാമെന്ന ബെഞ്ചിന്റെ വിശ്വാസത്തെയാണ് വെളിപ്പെടുത്തുന്നത്. 

ഹാദിയ കസ്റ്റഡിയിലാണെന്നും അതു കൊണ്ട് അന്വേഷണ സമയത്ത് സ്വയം പ്രതിരോധിക്കാന്‍ അവള്‍ക്കാവില്ലെന്നുമുള്ള ഷഫിന്റെ ഹര്‍ജിയിലെ മെറിറ്റുകളൊന്നും ബെഞ്ച് പരിഗണിച്ചില്ല. ഹാദിയയുടെ ഷഫിനുമായുള്ള വിവാഹം റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയിലെ രണ്ടു ജഡിജിമാരുടെ വിധി ബെഞ്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതേ ഹൈക്കോടതിയിലെ മറ്റു രണ്ട് ജഡ്ജിമാര്‍ ഇതിന്റെ വിപരീതവും പറഞ്ഞിട്ടുണ്ടെന്ന് സിബല്‍ പറഞ്ഞു. 'ഒന്നിന് വിശ്വാസ്യത നല്‍കുമ്പോള്‍ രണ്ടാമത്തേതിന് എന്തു കൊണ്ട് വിശ്വാസ്യത നല്‍കുന്നില്ല,' എന്ന സിബലിന്റെ ചോദ്യത്തിന് ബെഞ്ചിന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.

അഖിലയോട് സംസാരിക്കുന്നതിന് മുമ്പ് കോടതിക്ക് എല്ലാ കാര്യങ്ങളും അറിയേണ്ടതുണ്ടെന്നും അതു കൊണ്ടാണ് ഈ കേസില്‍ ഒരു സ്വതന്ത്ര അന്വേഷണത്തിന് നിര്‍ദേശിച്ചതെന്നമാണ് ചീഫ് ജസ്റ്റിസ് ഖെഹാറിന്റെ നിരീക്ഷണം. ഇതു വ്യക്തമാക്കുന്നത് ഒരു തുറന്ന സംസാരത്തിലൂടെ അവളുടെ സ്വതന്ത്ര മനോഗതി അറിയുന്നതിന് പകരം ബെഞ്ച് സ്വയം മുന്‍വിധികള്‍ക്കും പക്ഷപാതിത്തതിനും കീഴ്‌പ്പെട്ടു എന്നുമാകാം. 

കടപ്പാട്: ലൈവ്‌ലോ ഡോട്ട് ഇന്‍

Latest News