ന്യൂദല്‍ഹി- മുസ്ലിംകളെ മാത്രം പുറത്താക്കാനും തടവറകളിലിടാനും ലക്ഷ്യമിട്ട് അസമില്‍ തയാറാക്കിയ പൗരത്വ പട്ടികയില്‍നിന്ന് ലക്ഷക്കണക്കിനു ഹിന്ദുക്കളും പുറന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് അസം സര്‍ക്കാരിന്റെയും ബി.ജെ.പിയുടേയും പ്രതിഷേധാഗ്നിക്കിരയായ പ്രതീക് ഹജേലക്കെതിരായ വേട്ട തുടരുന്നു. അസമില്‍ എന്‍.ആര്‍.സി തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ അസം-മേഘാലയ കേഡറിലെ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പ്രതീക് ഹജേല.
അഞ്ചുവര്‍ഷത്തിലേറെയായി അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) മുഖമായിരുന്നു ഇദ്ദേഹം.
19 ലക്ഷം പേരെ ഒഴിവാക്കിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതുമുതല്‍ എന്‍ആര്‍സി ഡാറ്റയില്‍ തട്ടിപ്പ് നടത്തിയെന്നും ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് അഞ്ച് എഫ്‌ഐആര്‍ ഹാജേലക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. എന്‍ആര്‍സി അപ്ഡേറ്റ് ചെയ്യുന്നതിന് പ്രധാനമായും കോടതിയെ സമീപിച്ച അസം പബ്ലിക് വര്‍ക്‌സ് (എപിഡബ്ല്യു) ആണ് മൂന്ന് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തത്. ഉദ്യോസ്ഥനെതിരെ ഇനിയും പരാതികള്‍ നല്‍കുമെന്നും മൊത്തം 22 എഫ്ഐആറുകള്‍ ഫയല്‍ ചെയ്യുമെന്നുമാണ് അസം പബ്ലിക് വര്‍ക്‌സ് വ്യക്തമാക്കുന്നത്.
എന്‍ആര്‍സി സ്റ്റേറ്റ് കോഓര്‍ഡിനേറ്ററായി സുപ്രീം കോടതി നിയോഗിച്ച പ്രതീക് ഹജേല കഴിഞ്ഞ നവംബറിലാണ് ചുമതലയൊഴിഞ്ഞ് മധ്യപ്രദേശിലേക്ക് പോയത്. 50 കാരനായ ഹജേലയെ വേട്ടയാടുകയാണെന്നും ഇതു പോലെ ആദ്ദേഹത്തെ ഉപദ്രവിക്കാന്‍ ഒരു കാരണമവുമില്ലെന്നും അസമിലെ എന്‍.ആര്‍.എസ് ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അന്തിമ പട്ടികയില്‍ ഡാറ്റ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഫെബ്രുവരി ഏഴിന് ഹജേലക്കെതിരെ എപിഡബ്ല്യു സമര്‍പ്പിച്ച പരാതയില്‍ അസം സി.ഐ.ഡി കേസെടുത്തിരുന്നു. ഔദ്യോഗിക എന്‍ആര്‍സി വെബ്സൈറ്റിലെ ഡാറ്റ അപ്രത്യക്ഷമായതിനെ തുടര്‍ന്ന് ഹജേലയുടെ പേര് വീണ്ടും ഉയര്‍ന്നുവന്നു.
എന്‍.ആര്‍.സിക്ക് ക്ലൗഡ് സേവനം നല്‍കിയിരുന്ന വിപ്രോയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ ഹജേല കാണിച്ച അലംഭാവമാണ് പ്രശ്‌നത്തിനു കാരണമെന്ന് നിലവിലെ എന്‍.ആര്‍.സി കോഓര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍ ആരോപിച്ചിരുന്നു. രണ്ട് ഔദ്യോഗിക ഇമെയില്‍ ഐഡികളുടെ പാസ്വേഡ് കൈമാറാത്തതിന് 2014 മുതല്‍ 2019 വരെ ഹാജേലയോടൊപ്പമുണ്ടായിരുന്ന 32 കാരിയായ മുന്‍ ഉദ്യോഗസ്ഥക്കെതിരെയും ശര്‍മയുടെ എന്‍.ആര്‍.സി ഓഫീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്‍ആര്‍സിക്ക് കേന്ദ്രം അനുവദിച്ച ഫണ്ടുകളില്‍ അഴിമതി നടത്തിയെന്നും പണം ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ച് എബിഡബ്ല്യു കഴിഞ്ഞ നവംബറില്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു. അവശേഷിക്കുന്ന 19 എഫ്ഐആറുകള്‍ വരും മാസങ്ങളില്‍ ഘട്ടംഘട്ടമായി സമര്‍പ്പിക്കുമെന്ന് എ.പി.ഡബ്ല്യു പ്രസിഡന്റ് അഭിജിത് ശര്‍മ പറഞ്ഞു.
അനധികൃത വിദേശികളുടെ പേരുകളുള്ള തെറ്റായ എന്‍ആര്‍സി പ്രസിദ്ധീകരിക്കാന്‍ ചില ശക്തികളുടെ നിര്‍ദേശപ്രകാരം ഹജേല പ്രവര്‍ത്തിക്കുന്നതായി അസം സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഹജേലക്കെതിരെ കേസുകളുമായി വേട്ട തുടരുന്ന അസം പബ്ലിക് വര്‍ക്‌സുമായി ബന്ധമില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.