അഹമ്മദാബാദ്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി രാജ്യം ഒരുങ്ങുമ്പോള്‍ ചെലവാകുന്നത് മിനിറ്റില്‍ 55 ലക്ഷം രൂപയോളം. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്.
ഇത്രയും രൂപ വിവിധ വകുപ്പുകള്‍ ചെലവാക്കുമ്പോള്‍ ട്രംപ് നഗരത്തില്‍ തങ്ങുന്നത് വെറും മൂന്നരമണിക്കൂര്‍മാത്രമാണ്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 80 കോടിയോളമാണ് മുടക്കുക.
സുരക്ഷയ്ക്ക് 12 കോടി, സ്‌റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്‌കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക.
24ന് ഉച്ചയ്ക്കാണ് ട്രംപ് എത്തുക. തുടര്‍ന്ന് റോഡ്‌ഷോ, സബര്‍മതി ആശ്രമസന്ദര്‍ശനം, മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. പരിപാടികള്‍ക്ക് ശേഷം മൂന്നരയോടെ ട്രംപ് ഡല്‍ഹിയിലേക്കുമടങ്ങും. മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോ ലോകറെക്കോഡായിരിക്കുമെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെട്ടു.
അമ്പതിനായിരം ആളുകളാണ് ട്രംപിനെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ അണിനിരക്കുന്നത്. 1,20,000 പേര്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പതിനായിരത്തോളം പൊലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. യു.എസ്. സീക്രട്ട് സര്‍വീസ്, എന്‍.എസ്.ജി., എസ്.പി.ജി. എന്നിവര്‍ക്കു പുറമേയാണിത്.