Sorry, you need to enable JavaScript to visit this website.

ബിജെപിക്ക് കോര്‍പറേറ്റുകള്‍ വാരിക്കോരി കൊടുത്തത് 705 കോടി രൂപ; മറ്റു പാര്‍ട്ടികള്‍ക്ക് വെറും 250 കോടി

ന്യൂദല്‍ഹി- കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്കായി വാരിക്കോരിക്കൊടുത്ത കോടിക്കണക്കിനു രൂപയില്‍ സിംഹഭാഗവും പോക്കറ്റിലാക്കിയത് ബിജെപി. 2013-നും 2016-നുമിടയില്‍ 956.77 കോടി രൂപയാണ് കോര്‍പറേറ്റുകല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പൊടിച്ചത്. ഇതില്‍ 705.81 കോടി രൂപയും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ് ലഭിച്ചത്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ പഠനമാണ് ഈ കണക്കുകള്‍ പുറത്തു കൊണ്ടു വന്നത്. 

2014-ല്‍ അധികാരത്തിലെത്തിയ ബിജെപി 2,987 കോര്‍പറേറ്റ് കമ്പനികളില്‍ നിന്നാണ് കോടികളുടെ സംഭാവന സ്വീകരിച്ചത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് ലഭിച്ചത് ആകെ 198.16 കോടി മാത്രം. കോണ്‍ഗ്രസിന് സംഭാവന നല്‍കിയത് വെറും 167 കമ്പനികളും. മൂന്നാം സ്ഥാനത്തുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) 50.73 കോടി രൂപയും സിപിഐ എം 1.89 കോടി രൂപയും സിപിഐ 0.18 കോടി രൂപയും കോര്‍പറേറ്റുകളില്‍ നിന്ന് സംഭാവനയായി കൈപ്പറ്റി. റിയല്‍ എസ്റ്റേറ്റ്, ഖനനം, ഉല്‍പ്പാദനം, എണ്ണയും ഊര്‍ജ്ജവും, നിര്‍മ്മാണം, കയറ്റുമതി, ഇറക്കുമതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നുമാണ് ബിജെപിക്ക് വലിയൊരു ശതമാനം സംഭാവനയും ലിഭിച്ചിട്ടുള്ളത്. 

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കുകളെ മാത്രം അടിസ്ഥാനമാക്കിയാണ് എ.ഡി.ആര്‍ ഈ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. വിവിധ ഇളവുകളിലൂടെ വെളിപ്പെടുത്തേണ്ടതില്ലാത്ത സംഭാവനകളും പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതും മറ്റു രഹസ്യ സംഭാവനകളും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇതിലും എത്രയോ ഉയര്‍ന്ന തുക പാര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. പാര്‍ട്ടികളൊന്നും വിവരാവകാശ നിയമത്തിന്റേയും ആദായ നികുതിയുടേയൊ പരിധിക്കുള്ളില്‍ വരാത്തത് കൊണ്ടു തന്നെ ഇവര്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തുന്ന പണം അവരുടെ മൊത്തം പണത്തിന്റെ ഒരംശം മാത്രമായിരിക്കും. വലിയൊരു ശതമാനം സംഭാവനകളും സ്രോതസ്സ് വെളിപ്പെടുത്താത്തവയാണ്.

അധികാരമില്ലാത്ത സമയത്തു പോലും ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു വിടേണ്ടത് കോര്‍പറേറ്റുകളുടെ താല്‍പര്യമായിരുന്നെന്ന് ആക്ഷേപങ്ങളെ അടിവരയിടുന്നതാണ് ഈ കണക്കുകള്‍. 60 ശതമാനം സംഭാവനകളും ലഭിച്ചത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ മാത്രമാണ് പ്രാദേശികവും ദേശീയവും ഉള്‍പ്പെടെ എല്ലാ പാര്‍്ട്ടികളും തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിക്കേണ്ടത്. 

Latest News