Sorry, you need to enable JavaScript to visit this website.

ടി.വി അവതാരകയും നടിയുമായ  കരോലിന്‍ ഫ്‌ലാക്ക് മരിച്ച നിലയില്‍

ലണ്ടന്‍- ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന്‍ ഫ്‌ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയാണ് കരോലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ലവ് ഐലന്റ്' ഉള്‍പ്പടെ ഇരുപതിലധികം ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായെത്തി പ്രശസ്തയായ ആളാണ് കരോലിന്‍ ഫ്‌ലാക്ക്. ബ്രിട്ടീഷ് ചാനലായ ഐടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് ലവ് ഐലന്റ്. വലിയ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്ന പരിപാടിയില്‍ കരോലിന്റെ സാന്നിധ്യം വളരെ വലുതാണ്. കരോലിന്റെ മരണ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും ഇത് താങ്ങാവുന്നതിലും അധികം സങ്കടമാണ് ഉണ്ടാക്കുന്നതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, കാമുകനെ ആക്രമിച്ച കേസില്‍ അടുത്ത മാസം വിചാരണ നേരിടാനിരിക്കെയായിരുന്നു കരോളിന്‍. അതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മരണവാര്‍ത്ത പുറത്ത് വന്നത്. കരോലിന്‍ മരിച്ച വിവരം കുടുംബം സ്ഥിരീകരിച്ചു. ഡിസംബറിലായിരുന്നു കാമുകനെ ആക്രമിച്ചെന്നാരോപിച്ച് കരോലിനെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ പൊലീസിനോടോ കോടതിക്ക് മുന്നിലോ കുറ്റം സമ്മതിക്കാന്‍ കരോലിന്‍ തയ്യാറായിരുന്നില്ല. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വിചാരണ തുടരുകയായിരുന്നു.കരോലിന്‍ മുഖ്യവേഷം അവതരിപ്പിക്കുന്ന ടിവി സീരിസിന്റെ സംപ്രേഷണം താല്‍കാലികമായി നിര്‍ത്തിവച്ചതായി ചാനല്‍4 അറിയിച്ചു. ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരാണ് കരോലിന്റെ വേര്‍പാടില്‍ അനുശോചിച്ചത്.

Latest News