Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന നിരക്ക് വര്‍ധിക്കുന്നു; 20 ശതമാനംവരെ കൂടും

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് വര്‍ധിക്കാന്‍ സാധ്യത. പുതിയ കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഒഴിവാക്കി ദുബായ്, അബുദാബി തുടങ്ങിയ മിഡില്‍ ഈസ്റ്റ് റൂട്ടുകള്‍ വഴി യാത്ര ക്രമീകരിക്കുന്നതാണ് കാരണം.
അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അടക്കമുള്ള യാത്രക്കാര്‍ പുതിയ റൂട്ട് തെരഞ്ഞെടുത്തതിനാല്‍ ദുബായ്, അബുദാബി തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലെ ചില നഗരങ്ങളിലേക്കുള്ള നിരക്കുകള്‍ ഇപ്പോള്‍ തന്നെ വര്‍ധിച്ചിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ചെന്നൈയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് ജൂണില്‍ എമിറേറ്റ്‌സ്  നിരക്ക് 1300 ഡോളറാണ്. ഹോങ്കോംഗ് വഴി കാത്തെ പസഫിക് വിമാനത്തിന് ഇത് 910 ഡോളറായിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കും ധാരാളം യാത്രക്കാരുണ്ട്. ഇവര്‍ സിങ്കപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് വഴിയാണ് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ യാത്ര ദുബായ് വഴിയാക്കുകയാണ്.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ, ഇന്ത്യയില്‍നിന്ന് ഫുക്കെറ്റ്, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി ടൂര്‍ പാക്കേജുകളാണ് റദ്ദാക്കപ്പെട്ടത്. സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളും കൂട്ടത്തോടെ ക്യാന്‍സലാക്കേണ്ടിവന്നുവെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറയുന്നു.

 

Latest News