Sorry, you need to enable JavaScript to visit this website.

മൂന്ന് മണിക്കൂര്‍ നേരത്തെ ട്രംപ് സന്ദര്‍ശനത്തിന്  സര്‍ക്കാര്‍ ചെലവിടുന്നത് നൂറ് കോടി 

അഹമ്മദാബാദ്- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങളുടെ സംസ്ഥാനത്ത് എത്തുമ്പോള്‍ പണച്ചെലവിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ യാതൊരു ടെന്‍ഷനും അടിക്കുന്നില്ല. എന്നു  മാത്രമല്ല ട്രംപിനെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്യുകയാണ് അവര്‍. ഫെബ്രുവരി 24ന് അഹമ്മദാബാദിലാണ് അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്.കേവലം മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് അഹമ്മദാബാദില്‍ ട്രംപ് ഉണ്ടാകുക. എന്നാല്‍ ഉന്നതമായ സന്ദര്‍ശനത്തിനായി 100 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് ഏകദേശ കണക്ക്. ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്ക് മുഖ്യമന്ത്രി വിജയ് രുപാണിയാണ് നേരിട്ട് നേതൃത്വം നല്‍കുന്നത്.
ട്രംപിനെ സ്വാഗതം ചെയ്യാന്‍ പണം ഒരു തരത്തിലും തടസ്സമാകരുതെന്നാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അഹമ്മദാബാദ് അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറ്റിറി എന്നിവര്‍ റോഡുകളുടെ പുനരുദ്ധാരണത്തിനും, നഗരത്തെ മോടിപിടിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇരുവരും ചേര്‍ന്ന് ഏകദേശം 100 കോടി രൂപ ഇതിനായി ചെലവാക്കുമെന്നാണ് കരുതുന്നത്.
17 റോഡുകളുടെ പുനരുദ്ധാരണത്തിനായി 60 കോടി രൂപയാണ് ചെലവാക്കുന്നത്. മൊട്ടേറാ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത് എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്ന ട്രംപിന് യാത്ര ചെയ്യാനായി 1.5 കിലോമീറ്റര്‍ റോഡും നിര്‍മ്മിക്കുന്നു. പ്രദേശം മോടിയാക്കാന്‍ 6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ചെലവ് വിവരങ്ങള്‍ പരിപാടി പൂര്‍ത്തിയായ ശേഷമാകും പുറത്തുവിടുക. കേന്ദ്ര സര്‍ക്കാരും കുറച്ച് തുക സന്ദര്‍ശനത്തിനായി അനുവദിക്കും. എന്നിരുന്നാലും പ്രധാന ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാകും വഹിക്കുക.

Latest News