Sorry, you need to enable JavaScript to visit this website.

പൗരത്വ പ്രതിഷേധക്കാരെ നേരിട്ട  പോലീസിന്റേത് കാടത്തം-സ്റ്റാലിന്‍ 

ചെന്നൈ-പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ വാഷര്‍മെന്‍പേട്ടില്‍ ഷഹീന്‍ ബാഗ് മോഡലില്‍ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ അപലപിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സ്റ്റാലിന്‍ ജനാധപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കെതിരെ കാടത്തരം കാട്ടിയ പൊലീസ് നടപടിയില്‍ ചെന്നൈയിലെ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുകയാണ്. ഷഹീന്‍ ബാഗ് മാതൃകയില്‍ പൗരത്വനിയമഭേദഗതിക്കെതിരേ നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
പൊലീസ് വെള്ളിയാഴ്ച രാത്രി നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 120ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി. ആലന്തൂര്‍ മെട്രോ സ്‌റ്റേഷന്‍, കത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കു തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് കേള്‍ക്കാന്‍ സമരക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് രാത്രി ലാത്തിച്ചാര്‍ജ് നടത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നോക്കിയത്. സമാധാനപൂര്‍ണമായി നടന്നുകൊണ്ടിരുന്ന സമരത്തിന് നേരെ പൊലീസ് കല്ലേറ് നടത്തി അക്രമസാഹചര്യം ഒരുക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Latest News