ബത്തേരി- നഗരസഭാ പരിധിയിൽ വിലക്കു ലംഘിച്ചു റോഡിൽ തൂപ്പിയ അഞ്ചു പേർക്കെതിരെ കേസെടുത്തു. മുൻവശം തുപ്പി വൃത്തികേടാക്കിയതിനു മൂന്നു മുറുക്കാൻ കടക്കാർക്കു പിഴ അടയ്ക്കുന്നതിനു നോട്ടീസ് നൽകി. പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കെതിരെ ആരോഗ്യ വിഭാഗവും പോലീസും ഇന്നലെയാണ് നടപടി തുടങ്ങിയത്. ടൗണിൽ പഴയ ബസ്സ്റ്റാൻഡ്, ചുങ്കം ജംഗ്ഷൻ, എം.ജി. റോഡ,് മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ പരിശോധനയിലാണ് റോഡിൽ തുപ്പിയ അഞ്ചു പേർക്കെതിരെ കേസെടുത്തത്. നോട്ടീസ് വകവെക്കാതെ മുറുക്കാൻ ചില്ലറ വിൽപന നടത്തുകയും മുൻവശം മുറുക്കിത്തുപ്പി വൃത്തിഹീനമാക്കിയതിനുമാണ് കടയുടമകൾക്കു നോട്ടീസ് നൽകിയത്. മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.സന്തോഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.സുധീർ, അഡീഷണൽ പോലീസ് എസ്.ഐ. സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡിൽ തുപ്പുന്നതും പൊതുഇടം വൃത്തികേടാക്കുന്നതും നിരോധിച്ചു നഗരസഭ നേരത്തേ ഉത്തരവിറക്കിയിരുന്നു.