അമരാവതി- പ്രണയ വിവാഹം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് കോളേജ് വിദ്യാര്‍ഥിനികള്‍. മഹാരാഷ്ട്രയിലെ ചന്ദൂറിലുള്ള മഹിളാ അര്‍ട്‌സ് ആന്റ്
കൊമേഴ്‌സ് കോളേജ് വിദ്യാര്‍ഥിനികളാണ് ഇങ്ങനെ പ്രതിജ്ഞയെടുത്തത്. പ്രണയ ദിനത്തിലാണ് ഇവരുടെ തീരുമാനം.
ഒരിക്കലും പ്രണയബന്ധം പുലര്‍ത്തുകയോ പ്രണയവിവാഹം നടത്തുകയോ ഇല്ല, എന്റെ മാതാപിതാക്കളില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്, ഞാന്‍ പ്രണയത്തിലാകില്ലെന്നും പ്രണയവിവാഹം ചെയ്യില്ലെന്നും ഇതിനാല്‍ ഞാന്‍ സത്യം ചെയ്യുന്നു-ഇങ്ങനെയാണ് വിദ്യാര്‍ഥിനികള്‍ കോളേജില്‍ വെച്ച് പ്രതിജ്ഞയെടുത്തത്.
സ്ത്രീധനം ആവശ്യപ്പെടുന്ന വ്യക്തികളെ വിവാഹം ചെയ്യില്ലെന്നും മറാത്തി ഭാഷയിലുള്ള സത്യപ്രതിജ്ഞയില്‍ പറയുന്നു.
വിവാഹം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ എപ്പോഴും രക്ഷിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നതാണ് ഉത്തമമെന്നും എപ്പോഴും മികച്ചത് മാത്രമേ അവര്‍ നല്‍കൂവെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
അതേസമയം, കോളേജ് അധികൃതര്‍ വിദ്യാര്‍ഥിനികളെ കൊണ്ട് നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതാകാമെന്ന് വനിതാ ശിശുവികസന മന്ത്രി യശോമതി ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വാര്‍ധയില്‍ 24കാരിയായ അധ്യാപികയെ തീ കൊളുത്തി കൊലപ്പെടുത്തിയതിനു സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാകാം ഇത്തരം നടപടികളെന്നും മന്ത്രി പറഞ്ഞു.