ന്യൂദല്‍ഹി- അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിമാര്‍ക്കൊപ്പം വിശിഷ്ടാതിഥികളായി സാധാരണക്കാരുടെ 50 പ്രതിനിധികളും.
അംഗനവാടി ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് മാര്‍ഷലുകള്‍, പൊതുഗതാഗത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഉള്ളവര്‍ തുടങ്ങിയവരുടെ പ്രതിനവിധികളെയാണ് വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കുക.
ദല്‍ഹിയുടെ വികസനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇവരുടെയെല്ലാം പ്രതിനിധികള്‍ വേദിയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകര്‍, സിഗ്‌നേച്ചര്‍ ബ്രിഡ്ജിന്റെ ആര്‍ക്കിടെക്ടുമാര്‍, ജോലിക്കിടെ മരിച്ച അഗ്‌നിശമന സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍, ബസ് െ്രെഡവര്‍മാര്‍, ഓട്ടോ െ്രെഡവര്‍മാര്‍, മെട്രോ െ്രെഡവര്‍മാര്‍, വിദ്യാര്‍ഥികള്‍, മഹിളാ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍, ബൈക്ക് ആംബുലന്‍സ് റൈഡര്‍മാര്‍, എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ അധ്യാപകര്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ വിവാദമായിട്ടുണ്ട്. അധ്യാപകരെ നിര്‍ബന്ധിക്കുകയാണെന്ന ആരോപണം തള്ളിയ ഉപമുഖ്യമന്ത്രി സിസോദിയ അധ്യാപകരെ ആദരിച്ചിരിക്കയാണെന്ന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. വിദ്യാഭ്യാസ ഡയരക്ടറേറ്റാണ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പ്രിന്‍സിപ്പില്‍മാര്‍ക്കും സത്യാപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുന്നതിന് സര്‍ക്കുലര്‍ അയച്ചത്. രാംലീല മൈതാനത്തേക്ക് പ്രവേശിക്കുന്ന ഗെയിറ്റില്‍ ഹാജര്‍ രേഖപ്പെടത്തുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.