പൂനെ- എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമയോചിത നടപടി പൂനെ എയര്‍ പോര്‍ട്ടില്‍ സംഭവിക്കുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കി. വിമാനം പറക്കാനായി കുതിച്ചുകൊണ്ടിരിക്കെ റണ്‍വേയില്‍ കണ്ട ജീപ്പില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ വിമാനം നേരത്തെ ഉയര്‍ത്തുകയായിരുന്നു.
സംഭവത്തെ കറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറള്‍ (ഡി.ജി.സി.എ) അന്വേഷണത്തിന് ഉത്തരവിട്ടതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. വിമാനത്തിന്റെ ഇന്ധന ടാങ്കിനും വാല്‍ ഭാഗത്തം കേടുപാട് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഈ വിമാനത്തിന്റെ ദല്‍ഹിയില്‍നിന്ന് കശ്മീരിലേക്കുള്ള യാത്ര ഒഴിവാക്കി. ശ്രീനഗറിലേക്ക് പോകനിരുന്ന എ.ഐ 825 വിമാനത്തെ വിശദമായ അന്വേഷണത്തിനായി സര്‍വീസില്‍നിന്ന് പിന്‍വലിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
റണ്‍വേയില്‍ മണിക്കൂറില്‍ 222 കിലോമീറ്ററിലേറെ വേഗതയില്‍ വിമാനം നീങ്ങിക്കൊണ്ടിരിക്കെയാണ് ഒരു ജീപ്പിനേയും ഒരാളെയും പൈലറ്റ് കണ്ടത്. ഉടന്‍ തന്നെ പൈലറ്റ് എമര്‍ജന്‍സി ടേക്ക് ഒഫ് നടത്തുകയായിരുന്നു. അപകടം ഒഴിവായെങ്കിലും വിമാനത്തിന്റെ ഇന്ധന ടാങ്കിലടക്കം വാല്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. എയര്‍ബസ് എ-321 വിമാനം ദല്‍ഹിയില്‍ സുരക്ഷിതമായി ഇറങ്ങി. 180 യാത്രക്കാരും ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ താവളം കൂടിയായ പൂനെ എയര്‍പോര്‍ട്ടില്‍ വ്യോമസേന സൈനികര്‍ പതിവ് അഭ്യാസങ്ങള്‍ നടത്താറുണ്ട്. എയര്‍ട്രാഫിക് കണ്‍ട്രോളിലെ റെക്കോര്‍ഡിംഗ് സൂക്ഷിക്കാന്‍ ഡി.ജി.സി.എ വ്യോമസേനയോട് നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനക്കായി കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ (സി.വി.ആര്‍) സമര്‍പ്പിക്കുന്നതിന് എയര്‍ ഇന്ത്യ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
ദല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പോകാനിരുന്ന വിമാനത്തിന്റെ വാല്‍ ഭാഗത്ത് അപകടം സംഭവിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തി അന്വേഷണം ആരംഭിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.