ദുബായ്- ദുബായ് കൂടുതല്‍ സ്മാര്‍ട്ടാവുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണയോട്ടം ആരംഭിച്ചുകൊണ്ടാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നത്. ദുബായ് സിലിക്കണ്‍ ഒയാസിസിലെ ഷേപ്പ്ഡ് മാഗ്‌നെറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് (എസ്.എം.എഫ്.ഐ.ആര്‍.) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്ട്രിക് ബസുകളുടെ പരീക്ഷണയോട്ടം.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗവും സുസ്ഥിര ഗതാഗതമാര്‍ഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആര്‍.ടി.എ.യുടെ സംരംഭങ്ങളിലൊന്നാണ് ഇലക്ട്രിക് പദ്ധതി. പദ്ധതി ദുബായ് ഇന്റഗ്രേറ്റഡ് എനര്‍ജി സ്ട്രാറ്റജി 2030, ദുബായ് പ്ലാന്‍ 2021, യു.എ.ഇ. വിഷന്‍ 2021 എന്നിവയും പൂര്‍ത്തീകരിക്കുന്നുവെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.
എസ്.എം.എഫ്.ഐ.ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വിജയകരമായ നടത്തിപ്പ് സാധിക്കും. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിര്‍ത്താതെതന്നെ വാഹനങ്ങള്‍ക്ക് ഈ സംവിധാനത്തിനുള്ളില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാം.