തിരുവനന്തപുരം-അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന ശിവകുമാര്‍ തലസ്ഥാനത്തും മറ്റും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒരു തവണ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണിതെന്നും ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ഗൂഢാലോചനയാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണ്. തുടര്‍ നടപടി നിയമ വിദഗ്ധരുമായും പാര്‍ട്ടിയുമായും ആലോചിച്ച് തീരുമാനിക്കും.