കൊൽക്കത്ത- പശ്ചിമബംഗാളിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മിന്നും ജയം. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയെങ്കിലും വോട്ടുവിഹിതത്തിൽ ബഹുദൂരം പിറകിലാണ്. വിവിധ സ്ഥലങ്ങളിലെ 148 വാർഡുകളിൽ 140 ഉം തൃണമൂൽ കയ്യിലാക്കി. ആറിടത്ത് ബി.ജെ.പി ജയിച്ചു. ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ ഫോർവേർഡ് ബ്ലോക്ക് ഒന്നും സ്വതന്ത്രർ ഒരു സീറ്റും നേടി. സി.പി.എമ്മിനും കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല.
കഴിഞ്ഞവർഷം രണ്ടാം തവണയും അധികാരത്തിലേറിയത് മുതൽ തുടർച്ചയായ വിജയമാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മമതാ ബാനർജി സ്വന്തമാക്കുന്നത്. കഴിഞ്ഞ മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലു മുനിസിപ്പാലിറ്റികളിലും തൃണമൂൽ വിജയിച്ചിരുന്നു. വോട്ടുവിഹിതം വർധിപ്പിക്കാനായി എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
ഇന്ന് ഫലം വന്ന തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് തൃണമൂൽ കാഴ്ച്ചവെച്ചത്. ഒരു മുനിസിപ്പൽ കോർപ്പറേഷനിലേക്കും അഞ്ച് മുനിസിപ്പാലിറ്റികളിലേക്കും ഒരു വികസന അഥോറിറ്റിയിലേക്കുമായിരുന്നും തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
നേരത്തെ ഉണ്ടായിരുന്നതിൽനിന്ന് 68 സീറ്റ് കൂടുതൽ വാങ്ങി പാർട്ടി 140-ൽ എത്തി. ഇടതുമുന്നണിക്ക് 36 സീറ്റുകൾ നഷ്ടമായി ഒരു സീറ്റിലൊതുങ്ങി. ബി.ജെ.പിക്ക് മൂന്ന് സീറ്റ് കൂടി. പതിനഞ്ച് സീറ്റുകൾ നഷ്ടമായ കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ സ്വതന്ത്രർ രണ്ടു സീറ്റ് നേടിയിരുന്നു. ഇക്കുറി അത് ഒന്നായി ചുരുങ്ങി.