ചെന്നൈ- പൗരത്വഭേദഗതിക്ക് എതിരെ ചെന്നൈയില്‍ നടന്ന പ്രതിഷേധത്തിന് നേരെ പോലിസ് അതിക്രമമുണ്ടായ സാഹചര്യത്തില്‍ പ്രതിഷേധം വീണ്ടും ശക്തിപ്പെടുത്തി സമരക്കാര്‍. ഷഹീന്‍ബാഗിന് സമാനമായി നൂറ് കണക്കിന് സ്ത്രീകളാണ് പ്രതിഷേധസമരത്തിലുള്ളത്. ഇന്നലെ പോലിസ് സമരക്കാര്‍ക്ക് നേരെ നടത്തിയ ലാത്തിചാര്‍ജില്‍ നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റിരുന്നു. നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രാത്രിയും സമരം ശക്തമായിരുന്നു.
പോലിസ് നടപടിയെ അപലപിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. നടപടിയില്‍ അപലപിച്ച സ്റ്റാലിന്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ പോലിസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ തമിഴ്‌നാടിനെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയില്‍ ആലന്തൂര്‍ മെട്രോസ്‌റ്റേഷന്‍,കത്തിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ഉപരോധസമരം നടത്തി. പ്രദേശത്ത് വന്‍ പോലിസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.