ന്യൂദല്‍ഹി- മാസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥയ്ക്കും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്റെ അധ്യക്ഷനെ പ്രഖ്യാപിച്ച് ബിജെപിയുടെ ദേശീയ സമിതി. കെ സുരേന്ദ്രനെ അധ്യക്ഷനായി ബിജെപി നാഷനല്‍ പ്രസിഡന്റ് ജെ പി നദ്ദ പ്രഖ്യാപിച്ചു. മിസോറാം ഗവര്‍ണറായി ചുമതലയേറ്റതിനെ തുടര്‍ന്ന് പിഎസ് ശ്രീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ പദവിയില്‍ ആളില്ലാതെയായിരുന്നു സംസ്ഥാനത്തെ ബിജെപി ഘടകം പ്രവര്‍ത്തിച്ചിരുന്നത്.
സംസ്ഥാന ഭാരവാഹി സ്ഥാനങ്ങളിലേക്ക് പല പേരുകളും ഉയര്‍ത്തിക്കാട്ടി ഗ്രൂപ്പ് പോര് മുറുകിയിരുന്നുവെങ്കിലും അധ്യക്ഷസ്ഥാനത്തേക്ക് എംടി രമേശിനെ പോലുള്ളവരെ പിന്തള്ളിയാണ് സുരേന്ദ്രന്‍ സ്ഥാനം നേടിയത്. പിഎസ് ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമിയായി കെ സുരേന്ദ്രന്‍ വരുമെന്ന സൂചന നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.