Sorry, you need to enable JavaScript to visit this website.

ദേശീയപാത വികസനത്തിന് സംസ്ഥാന വിഹിതം  നൽകുന്നില്ലെന്ന ആരോപണം തള്ളി മന്ത്രി സുധാകരൻ

തിരുവനന്തപുരം- സംസ്ഥാന വിഹിതം നൽകാത്തതിനാൽ ദേശീയപാത വികസനം പാതിവഴിയിലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.സുധാകരൻ. സംസ്ഥാന സർക്കാർ നൽകാമെന്നു പറഞ്ഞ 25 ശതമാനം  നൽകുന്നതിനു യാതൊരു തടസ്സവും നിലവിലില്ല. ആദ്യ റീച്ചുകൾക്കായി കണക്കാക്കിയ തുക കിഫ്ബിയിൽനിന്ന് പൊതുമരാമത്ത് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് കൈമാറിക്കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
തുക നൽകേണ്ടതു സംബന്ധിച്ച നിർദേശം എൻ.എച്ച്.എ.ഐയിൽ നിന്ന് ലഭിക്കുന്നതിനുള്ള കാലതാമസംമാത്രമേയുള്ളു. ഇതു ലഭിച്ചാൽ ഉടൻ കൈമാറുന്നതാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ കാസർകോട് ജില്ലാ കലക്ടറുടെ കൈയിൽ 153 കോടിയോളം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായുണ്ട്.  ആ തുക വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു.


തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കോഴിക്കോട് ബൈപ്പാസ് ടെണ്ടർ കഴിഞ്ഞു കരാർ വെച്ചെങ്കിലും കരാർ കമ്പനിയുടെ സാമ്പത്തിക പരാധീനത കാരണം കാലതാമസമുണ്ടായി എന്നതാണ് വസ്തുത. കണ്ണൂർ ജില്ലയിലും ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഭൂമിയെടുപ്പ് നടപടികൾ തുടരുകയാണ്. ഇക്കാര്യങ്ങളിലെല്ലാം തുടർ നടപടികൾ സ്വീകരിക്കേണ്ടത് എൻ.എച്ച്.എ.ഐയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമാണ്. ഇതിലൊന്നും സംസ്ഥാന സർക്കാർ വിഹിതം നൽകുന്നതിന്റെ പ്രശ്‌നമുണ്ടായിട്ടില്ല. ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ജില്ലാ കലക്ടർമാർ നൽകുമ്പോൾ കണക്കുകൾസംബന്ധിച്ച വ്യക്തത വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൻ.എച്ച്.എ.ഐ അത്തരം ക്ലെയിമുകൾ മാത്രം തിരിച്ചയക്കാറുണ്ട്.  ഭൂമിക്ക് പണം നൽകുന്ന നടപടികൾ നിർത്തിവെച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുന്നുണ്ടെന്നും സംസ്ഥാനത്തെ എൻ.എച്ച്.എ.ഐ അധികാരികൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ദേശീയപാത 66 ആറുവരിപ്പാത വികസനത്തിൽ കാസർകോട് ജില്ലയിലെ പ്രവൃത്തികളുടെ ടെണ്ടർ തുറക്കുന്നതിന്റെ കാലതാമസത്തിനു കാരണം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റാന്റിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതാണെന്നും ഭൂമിയെടുപ്പിന്റെനഷ്ടപരിഹാരത്തുക നൽകുന്നതുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നും മന്ത്രി ജി. സുധാകരൻ അറിയിച്ചു. 1000 കോടി രൂപക്കു മുകളിലുള്ള പ്രവൃത്തികൾക്ക് എസ്.എഫ്.സി ചേർന്ന് അംഗീകാരം നൽകുകയെന്ന സാങ്കേതിക നടപടിക്രമം പൂർത്തിയാകാത്തതുകൊണ്ട് കാലതാമസം ഉണ്ടാകുന്നതെന്നു ദേശീയപാത അതോറിറ്റി അധികാരികളിൽനിന്നും മനസ്സിലായിട്ടുള്ളത്. 


രണ്ടുതവണ ഇതുമായിബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആർ.കെ. സിംഗ് ദൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി, ദേശീയപാത അതോറിറ്റി ചെയർമാൻ എന്നിവരെ കണ്ടിരുന്നു. കഴിഞ്ഞ നവംബർ മാസം മുതൽ ടെണ്ടർ തുറക്കുന്ന തീയതി എൻ.എച്ച്.എ.ടള നീട്ടിക്കൊണ്ടുപോകുന്നത് എസ്.എഫ്.സി അനുമതി ലഭിക്കാത്തതുകൊണ്ട് മാത്രമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 

 

Latest News