ന്യൂദല്‍ഹി- ഗൊരഖ്പൂര്‍ ആശുപത്രി ദുരന്തം പശ്ചാത്തലമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാരിക്കേച്ചര്‍ വരച്ച പ്രമുഖ അസമീസ് കാര്‍ട്ടൂണിസ്റ്റ് നിതുപര്‍ണ രാജ്‌ബോംഗ്ശിക്ക് വധഭീഷണി. സ്വാതനന്ത്ര്യദിനത്തിലാണ് കുട്ടികളുടെ ശവം നാട്ടിയ കൊടിമരം ഓക്‌സിജന്‍ മാസ്‌ക് ധരിച്ച മോഡി പിടിച്ചു കൊണ്ടു നില്‍ക്കുന്ന കാരിക്കേച്ചര്‍ കാര്‍ട്ടൂണിസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് വൈറലാകുകയും ചെയ്തു. ഫേസ്്ബുക്ക് വഴിയാണ് വധ ഭീഷണിയും നിതുപര്‍ണയ്ക്കു നേരിടേണ്ടി വന്നത്.
സംരക്ഷണമാവശ്യപ്പെട്ട് നിതുപര്‍ണ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. നിതുപര്‍ണയെ വെടിവെയ്ക്കൂവെന്ന് പോസ്റ്റിനു താഴെ ഒരാള്‍ കമന്റിട്ടിട്ടുണ്ട്. ഇയാല്‍ ഒരു കോളെജ് അധ്യാപകനാണെന്നാണ് പറയപ്പെടുന്നത്. കാര്‍ട്ടൂണിസ്റ്റിനു പിന്തുണയറിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീഷണിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ബര്‍പേട്ട ജില്ലാ പോലീസ് മേധാവി ശിലാദിത്യ ഛേതിയ പറഞ്ഞു.
രാജ്യത്തിന്റെ ദുരവസ്ഥയാണ് ഈ കാര്‍ട്ടൂണിലൂടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്നും 68 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ കൂട്ടത്തോടെ മരിച്ച സമയത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷമാണ് വിഷയമാക്കിയതെന്നും നിതുപര്‍ണ പറഞ്ഞു. 'എന്റെ വരകളെ ആര്‍ക്കും വിമര്‍ശിക്കാം. ഈ ഹാസ്യകലാരൂപമാണ് എല്ലാതരം അനീതിക്കും അഴിമതിക്കുമെതിരേ സമൂഹത്തിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉന്നംവയ്ക്കുന്ന ഇടി എല്ലാ കാര്‍ട്ടൂണുകളിലും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' നിതുപര്‍ണ പറഞ്ഞു