കൊല്ലം- കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ തര്‍ക്കം. മന്ത്രി ടി.പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എംപിയുമാണ് തമ്മിലാണ് തര്‍ക്കം ഉണ്ടായത്. ഇഎസ്‌ഐ ഡിസ്പന്‍സറിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച തന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന്റെ പേരില്‍ മന്ത്രിയെ വേദിയിലിരുത്തി എം.പി വിമര്‍ശിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തുകള്‍ എംപിക്കും അയക്കുന്നുണ്ടെന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി. തുടര്‍ന്ന് എംപി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.
'എംപിയുടെ സൗകര്യം ചോദിക്കാതെ ഉദ്ഘാടന പരിപാടി വച്ചു. എന്നിട്ടും എം പി ഓഫീസില്‍ കിട്ടിയ കത്ത് പ്രകാരം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. എന്നാല്‍ വേദിയില്‍ എംപിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല.' ഇതാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാതി. തുടര്‍ന്ന് അദ്ദേഹം മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. താന്‍ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.എന്നാല്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വര്‍ത്തമാനം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തലത്തിലേക്ക് മാറിയപ്പോള്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ക്ഷുഭിതനായി. എം പിയെ വിലക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും പ്രസംഗം തുടര്‍ന്ന എംപിക്ക് മുന്നിലൂടെ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇറങ്ങിപ്പോവുകയായിരുന്നു. വേദിയിലുണ്ടായിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും മറ്റ് ഉദ്യോഗസ്ഥരും അഭ്യര്‍ത്ഥിച്ചിട്ടും താന്‍ മടങ്ങുകയാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.