ന്യൂദൽഹി- കോടിക്കണക്കിന് രൂപ വരുന്ന പിഴ അടക്കാത്തതിന് ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എന്തുകൊണ്ടാണ് പിഴ അടക്കാത്തത് എന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും ടെലികോം കമ്പനി മേധാവികളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പിഴ ഈടാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെയും കോടതി വിമർശിച്ചു. തങ്ങളെ കടുത്ത വാക്കുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കരുതെന്നും കോടതി പറഞ്ഞു. ഈ രാജ്യത്ത് ഒരു നിയമമില്ലേയെന്നും താൻ ജോലി ചെയ്യുന്നത് സുപ്രീം കോടതയിൽ തന്നെയല്ലേ എന്ന് തോന്നിപ്പോകുകയാണെന്നും ജസ്റ്റിസ് അരുൺ മിശ്ര, എസ്. അബ്ദുൽ നാസർ, എം.ആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 92000 കോടി രൂപയാണ് ടെലികോം കമ്പനികൾ സർക്കാറിന് പിഴയായി അടക്കാനുള്ളത്. ഭാരതി എയർടെൽ, വോഡഫോൺ, എം.ടി.എൻ.എൽ, ബി.എസ്.എൻ.ൽ, റിലയൻസ്, ടാറ്റ ടെലി കമ്യൂണിക്കേഷൻ, എന്നിവയുടെ മേധാവികൾ അടുത്ത മാസം പതിനേഴിന് സുപ്രീം കോടതിയിൽ ഹാജരാകണം. ഈ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങുമെന്നും ഒരു പൈസ പോലും ഇതേവരെ ഈ കമ്പനികൾ നിക്ഷേപിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.