അഹമ്മദാബാദ്- ഈ മാസം 24 ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദിലെത്തുമ്പോള്‍ അവിടെയുള്ള ചേരികള്‍ ശ്രദ്ധയില്‍പെടാതിരിക്കാന്‍ മതില്‍ കെട്ടുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് മതില്‍ കെട്ടുന്നതെന്നും ചേരി മറയ്ക്കാനല്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തുവന്ന് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ചേരി ശ്രദ്ധയില്‍പെടുമെന്നും അത് തടയാനാണ് മതിലെന്നും കരാറുകാരന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 150 പണിക്കാരെ നിര്‍ത്തി 24 മണിക്കൂറും ജോലി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് മതിലെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ അറിയിച്ചു. എന്തായാലും 400 മീറ്റര്‍ നീളത്തില്‍ ഏഴടി ഉയരത്തില്‍ മതില്‍കെട്ടാനെടുത്ത തീരുമാനം യു.എസ് പ്രസിഡന്റിന്റെ ദൃഷ്ടി മറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് വ്യക്തം.
എയര്‍പോര്‍ട്ടിന് സമീപത്തുള്ള ചേരി പ്രദേശത്ത് 800 കുടുംബങ്ങളാണ് താമസിക്കുന്നത്. മതില്‍ ട്രംപിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടി കുടിയേറ്റക്കാരെ തടഞ്ഞയാളാണ് അദ്ദേഹം. 24, 25 തീയതികളിലാണ് ട്രംപിന്റെ സന്ദര്‍ശനം. സബര്‍മതി ആശ്രമത്തില്‍ മോഡിയോടൊപ്പം അദ്ദേഹം എത്തും.
ഹുസ്റ്റണ്‍ സന്ദര്‍ശന വേളയില്‍ ഹൗഡി മോഡി എന്ന പേരില്‍ വന്‍ സമ്മേളനത്തിന് സൗകര്യം ചെയ്തുകൊടുത്ത ട്രംപിന് അഹമ്മദാബാദില്‍ ഹൗ ആര്‍ യു ട്രംപ് എന്ന പേരില്‍ വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 70 ലക്ഷം ആളുകള്‍ അഹമ്മദാബാദില്‍ തന്നെ സ്വീകരിക്കാനെത്തുമെന്ന് മോഡി അറിയിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.