ന്യൂദല്‍ഹി- നവംബറോടെ കൂടി കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദല്‍ഹിയിലെ തങ്ങളുടെ യാത്ര ഇലക്ട്രിക് കാറുകളിലേക്കു മാറ്റും. ഇലക്ട്രിക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 10,000 കാറുകള്‍ വാങ്ങാനും 4,000 ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കാനും ആഗോള ടെണ്ടര്‍ ക്ഷണിക്കാനിരിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇ.സി.സി.എല്‍) ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 120-150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന നാലു ഡോറുകളുള്ള 1000 കാറുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കുകയെന്ന് ഇസിസിഎല്‍ എം.ഡി സൗരഭ് കുമാര്‍ അറിയിച്ചു. 'മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും വീടുകള്‍ ഉള്‍പ്പെടുന്ന ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ നവംബറോടെ 400 ഇലക്ട്രിക് കാറുകള്‍ ഉപയോഗത്തിലെത്തിക്കാനാണ് ശ്രമം,' അദ്ദേഹം പറഞ്ഞു.
'കാറുകളും ഡ്രൈവര്‍മാരേയും പരിപാലനവും ഞങ്ങള്‍ ചെയ്യുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതു കൊണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അധികഭാരമൊന്നുമില്ല. ചെവ് കുറയുകയും ചെയ്യുന്നു. വലിയ തോതില്‍ മലിനീകരണം തടയാനും കഴിയും,' അ്‌ദ്ദേഹം പറഞ്ഞു.