ന്യൂദല്‍ഹി- ദല്‍ഹിയിലെ എഴുപതോളം റെസിഡന്‍ഷ്യന്‍ കോളനികളും ഓഫീസ് കെട്ടിടങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത് ശ്മശാനങ്ങള്‍ക്കു മുകളില്‍. ദല്‍ഹി ന്യുനപക്ഷ കമ്മീഷന്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പഠനത്തിലാണ് മുസ്ലിംകളെ ഖബറടക്കുന്ന ശ്മശാനങ്ങള്‍ വ്യാപകമായി സ്വകാര്യ വ്യക്തികളും സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടെ കയ്യേറി കെട്ടിടങ്ങള്‍ പണിതതായി കണ്ടെത്തിയത്. ഈ ഭൂമികളുടെ മേല്‍നോട്ടം വഹിക്കുന്ന വഖഫ് ബോര്‍ഡ് കയ്യും കെട്ടി നോക്കിനില്‍ക്കുകമാത്രമാണ് ചെയ്തതെന്നും കമ്മീഷന്‍ ആരോപിക്കുന്നു. ക്രിസ്ത്യന്‍ സെമിത്തേരികളും കുറഞ്ഞുവരികയാണിവിടെ. ഇതു സംബന്ധിച്ച് പുതിയൊരു പഠനം ഉടന്‍ ആരംഭിക്കുമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു.
1970-ലെ സര്‍ക്കാര്‍ ഗസറ്റ് പ്രകാരം ദല്‍ഹിയില്‍ സ്വാതന്ത്യത്തിനു ശേഷം 488 ഖബറിസ്ഥാനുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് വെറും 25 എണ്ണം മാത്രം. മരിച്ചാല്‍ ഖബറടക്കാന്‍ ഇടമില്ലെന്ന നിരവധി പരാതികളാണ് ന്യൂനപക്ഷ കമ്മീഷന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുസ്ലിംകള്‍ പഴയ ഖബറിസ്ഥാനുകള്‍ പുനരുപയോഗിച്ചു വരികയാണ്. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഖബറിസ്ഥാനുകളെല്ലാം നിറയും. മറ്റിടങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ പഴയ കുഴിമാടങ്ങള്‍ തുറന്ന് അവിടെ തന്നെ വീണ്ടും ഖബറടക്കേണ്ട അവസ്ഥയാണ്. ചിലയിടത്ത് മുന്‍കൂട്ടി ബുക്ക് ചെയ്താലെ ഖബറിസ്ഥാനില്‍ ഇടം ലഭിക്കൂ. ഇതിന് പലപ്പോഴും അരലക്ഷം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മുടക്കേണ്ടിയും വരുന്നു.
'ബ്രിട്ടീഷ് ഭരണകാലത്തേയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭരണകാലത്തേയും ഏറ്റവും പുതിയ ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടേയും രേഖകള്‍ പഠിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നിരവധി ഖബറിസ്ഥാനുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പലതും അല്‍പാല്‍പ്പമായി സമീപ കോളനികള്‍ വിഴുങ്ങിയിരിക്കുന്നു. ഇപ്പോള്‍ മുസ്ലിംകള്‍ക്ക് ഖബറടക്കാന്‍ ഇടമില്ലാതായിരിക്കുന്നു,' കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറയുന്നു.
ശ്മശാന ഭൂമി കയ്യേറിയ അനധികൃത കോളനികള്‍ പിന്നീട് നിയമവിധേയമാക്കിയപ്പോഴും ശ്മശാന ഭൂമി ഒഴിയാന്‍ തയാറായില്ല. ഇതിനെതിരെ കേസും നിയമപോരാട്ടങ്ങളും പ്രയാസമേറിയ പരിഹാരമാര്‍ഗമാണ്. വഖഫ് ബോര്‍ഡ് ഇതു തടയുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ നഗര്‍, ബട്‌ല ഹൗസ്, ഷഹീന്‍ ബാഗ്, ഓഖ്‌ല, ഷഹ്‌സാദ ബാഗ് തുടങ്ങി ദല്‍ഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും മരിച്ചാല്‍ മറവു ചെയ്യാന്‍ ഭൂമി ലഭിക്കാത്ത അവസ്ഥയാണ്.
2011-ലെ സെന്‍സസ് പ്രകാരം ദല്‍ഹിയില്‍ 21.58 ലക്ഷം മുസ്ലിംകളുണ്ട്. ദല്‍ഹിയിലെ ജനസംഖ്യയായ 1.67 കോടിയുടെ 12.86 ശതമാനം വരുമിത്. ക്രിസ്ത്യന്‍ ജനസംഖ്യ 0.87 ആണ്.