ന്യൂദല്‍ഹി- പത്രങ്ങളും സമൂഹമാധ്യമങ്ങളും വൈറലാക്കിയ കുഞ്ഞു കെജ്‌രിവളിന് അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം.
ഫലപ്രഖ്യാപന ദിവസം കെജ്‌രിവാളിനെ പോലെ വേഷം ധരിച്ച് ആം ആദ്മി പാര്‍ട്ടി ഓഫീസിലെത്തിയ ഒരു വയസ്സുകാരന്‍ മാധ്യമങ്ങളില്‍ താരമായിരുന്നു.
16 ന് മുഖ്യമന്ത്രിയായി മൂന്നാം വട്ടം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കുഞ്ഞു കെജ് രിവാള്‍ വീണ്ടുമെത്തും.
എ.എ.പി തൊപ്പിയും കണ്ണടയും ചുവന്ന സ്വെറ്ററും മഫ് ളറുമൊക്കെയായി എത്തിയ കുഞ്ഞിന് ആം ആദ്മി പാര്‍ട്ടി ബേബി മഫ്‌ളര്‍മാന്‍ എന്നാണ് പേരിട്ടത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബേബി മഫ്‌ളര്‍മാനെ ക്ഷണിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.
ആംആദ്മി പ്രവര്‍ത്തകരായ രാഹുല്‍ തൊമാര്‍-മീനാക്ഷി ദമ്പതികളുടെ മകനാണ് ഒരുവയസുകാരനായ അവ്യാന്‍ തോമറാണ് ട്വിറ്ററിലും മറ്റും ഉടന്‍ താരമായത്. പിതാവ് രാഹുലിന്റെ തോളിലേന്തിയായിരുന്നു വിജയാഹ്ലാദവേദിയിലേക്കുള്ള അവ്യാന്റെ വരവ്. നേരത്തേയും രാഹുലിന്റെ കുടുംബം ആംആദ്മി പരിപാടികളില്‍ പങ്കെടുത്തിരുന്നു. 2015 ല്‍ രാംലീല മൈതാനത്ത് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ അവ്യാന്റെ സഹോദരി ഫെയറിയായിരുന്നു കെജ്‌രിവാളിന്റെ രൂപത്തിലെത്തിയത്.
16 ന് രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്. പൊതുചടങ്ങില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് സൂചന.