ന്യൂദല്‍ഹി- ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം അവരുടെ കേസുമായി ബന്ധപ്പെട്ട വിവരം പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ട് സുപ്രിംകോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോടതിയുടെ നിര്‍ദേശം. എന്തുകൊണ്ട് അവരെ മത്സരിപ്പിക്കുന്നുവെന്നും ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുമ്പാകെ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസിദ്ധീകരിക്കണം. പാര്‍ട്ടികളുടെ വെബ്‌സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇത്തരം വിശദാംശങ്ങള്‍ പരസ്യപ്പെടുത്തേണ്ടതാണെന്ന് കോടതി നിര്‍ദേശിച്ചു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപന ശേഷം 48 മണിക്കൂറിനകം ഇത് ചെയ്യേണ്ടതുണ്ട്. 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള ആളെ വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ കോടതിയലക്ഷ്യമായി കണക്കാക്കി നിയമനടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.