Sorry, you need to enable JavaScript to visit this website.

കൊറോണ ഭീതിയില്‍  ആന്ധ്രയില്‍  ഒരാള്‍ ആത്മഹത്യ ചെയ്തു 

ഹൈദരാബാദ്- കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയും അന്‍പതുകാരനുമായ ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. കൊറോണ വൈറസിന് സമാനമായ ചില രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്നാണ് ഇദ്ദേഹം തിരുപ്പതിയിലെ ആശുപത്രിയിലെത്തിയത്. ഇയാളെ പരിശോധിച്ച ഡോക്ടര്‍ കൊറോണ വൈറസ് ബാധ ഇല്ലെന്ന് വിശദീകരിക്കുകയും ചില മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. മറ്റുള്ള ആളുകളുമായി ഇടപെടരുതെന്നും അണുബാധ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക മാസ്‌ക് ധരിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ഇദ്ദേഹം രണ്ട് ദിവസങ്ങളായി ബന്ധുക്കളോട്  അപരിചിതനെ പോലെയാണ് പെരുമാറിയിരുന്നത്. തനിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ആരും തന്റെ  അരികിലേക്ക് വരരുതെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ താന്‍ മരിക്കണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. താന്‍ കാരണം മറ്റുള്ളവരുടെ ജീവന് കൂടി അപകടം ഉണ്ടാകരുതെന്നു കരുതിയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്- ബാലകൃഷ്ണന്റെ മകന്‍ പറഞ്ഞു. 
ചൊവ്വാഴ്ച രാവിലെ വീട് വിട്ടിറങ്ങിയ ബാലകൃഷ്ണനെ  മണിക്കൂറുകള്‍ക്ക് ശേഷം അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Latest News