Sorry, you need to enable JavaScript to visit this website.

സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നത്; വെടിക്കോപ്പുകൾ കാണാതായത് രാജ്യരക്ഷയെ ബാധിക്കും -കെ.പി.എ. മജീദ്‌

കോഴിക്കോട് - കോടികളുടെ ക്രമക്കേടുകൾക്ക് പുറമെ വൻതോതിൽ വെടിക്കോപ്പുകളും കാണാതായെന്ന സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. രാജ്യരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ആരോപണ വിധേയനായ ഡി.ജി.പിയെ സ്ഥാനത്തുനിന്ന് ഉടൻ മാറ്റി കേന്ദ്ര ഏജൻസിയോ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലോ അന്വേഷണം നടത്തണം. 


ആഭ്യന്തര വകുപ്പിലെ ഉന്നതർക്കെതിരെ കേരളം കേട്ടിട്ടില്ലാത്ത ഗുരുതരമായ വസ്തുതകൾ പുറത്തു വന്നത് നിസ്സാരവൽക്കരിക്കാനും സംസ്ഥാന പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒതുക്കാനുമാണ് സർക്കാർ നീക്കമെങ്കിൽ അംഗീകരിക്കാനാവില്ല.
ഇരുനൂറിലേറെ വെടിക്കോപ്പുകൾ കാണാതായെന്നു മാത്രമല്ല, അവ മറച്ചുവെക്കാൻ വ്യാജ വെടിയുണ്ടകൾ പകരം വെച്ച് തെളിവ് നശിപ്പിക്കാനും ശ്രമിച്ചത് ആകസ്മികമല്ല. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ അരങ്ങേറിയ ഏഴു വ്യാജ ഏറ്റുമുട്ടൽ കൊലകളുമായി ഇതിനെ കൂട്ടിവായിക്കണം. ആ വെടിയുണ്ടകൾ തീവ്രവാദ ഭീകരവാദ സംഘങ്ങളുടെ കൈവശമെത്തിയോ എന്നത് അടിയന്തരമായി അന്വേഷിക്കണം. രാജ്യ രക്ഷയെ പോലും അപകടത്തിലാക്കുന്ന തരത്തിലേക്ക് സംസ്ഥാന പോലീസ് കൂപ്പുകുത്തിയിരിക്കുന്നു- കെ.പി.എ. മജീദ് പറഞ്ഞു.


രണ്ടു പ്രളയക്കെടുതികളും കടുത്ത സാമ്പത്തിക ഞെരുക്കവും വകവെക്കാതെ കോടികൾ മുടക്കി ആഡംബര, ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാനുള്ള നീക്കം ആദ്യം തന്നെ സംശയാസ്പദമായിരുന്നു. അക്കാര്യത്തിൽ ഡി.ജി.പിക്ക് മറ്റു ചില താൽപര്യങ്ങളുണ്ടായിരുന്നുവെന്നും കോടികൾ വകമാറ്റി ചെലവഴിച്ചുവെന്നുമുള്ള സി.എ.ജി റിപ്പോർട്ടിന്റെ കരിനിഴലിൽ നിന്ന് പൊലീസ് മന്ത്രിയായ മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. പലരെയും മറികടന്ന് ലോകനാഥ് ബെഹ്‌റയെ കേരള പൊലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചതോടെയാണ് ഗുജറാത്ത് മോഡൽ വ്യാജ ഏറ്റുമുട്ടലുകൾ സംസ്ഥാനത്തും തുടർക്കഥയായത്.
വൻ അഴിമതിയെ കുറിച്ച് സി.എ.ജി ആധികാരികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടും ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. ഇത്ര വലിയ ക്രമക്കേടുകൾ നടന്നതിൽ ധാർമ്മിക ഉത്തരവാദിത്വത്തിന് പുറമെ മറ്റു പല സംശയങ്ങളിലേക്കും ഈ ഒളിച്ചുകളി കൊണ്ടെത്തിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ വീഴ്ചകളുടെ ഘോഷയാത്ര നടത്തുന്ന ആഭ്യന്തര വകുപ്പിലെ ദുരൂഹ ഇടപാടുകൾ സമഗ്രമായി അന്വേഷണം നടത്തണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.


 

Latest News