ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗില്‍ വൈദ്യുതാഘാതമേല്‍പിക്കുന്ന വിധം വേണം തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ അമര്‍ത്താനെന്ന് ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷായെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചൊവ്വാഴ്ച അര്‍ധ രാത്രി വരെ ആരും കണ്ടില്ല.
ദല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യാ-പാക് യുദ്ധമാക്കി മാറ്റുന്നതിനു നേതൃത്വം നല്‍കിയ അദ്ദേഹം സ്വന്തം പാര്‍ട്ടി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ മുങ്ങുകയായിരുന്നു. ഫലം വന്ന ചൊവ്വാഴ്ച അര്‍ധരാത്രിവരെ അമിത് ഷാ ആരേയും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല.
അതേസമയം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ പൈശാചികവല്‍ക്കരിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകുന്നേരം ആറരയോടെ ട്വീറ്റ് ചെയ്തു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാള്‍ജിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടായിരുന്നു ട്വീറ്റ്. ദല്‍ഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് അവര്‍ക്ക് ആശംസ നേരുന്നുവെന്നും മോഡി പറഞ്ഞു.
ബി.ജെ.പിയുടെ രണ്ട് സമുന്നത നേതാക്കളുടെ ആഹ്വാനം ദല്‍ഹി ജനത പൂര്‍ണമായും നിരാകരിച്ചത് അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടിക്കുള്ളിലാണ് വൈദ്യുതാഘാതമേല്‍പിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 65 മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ഭൂരിപക്ഷം. പുതിയ മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ദല്‍ഹിയില്‍ 62 ലക്ഷം അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. പക്ഷേ, 35.5 ലക്ഷം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. മോഡിയേയും ഷായേയും രക്ഷിക്കാന്‍ രംഗത്തിറങ്ങിയ പാര്‍ട്ടി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പൂര്‍ണ ഉത്തരവാദിത്തമേറ്റിരിക്കയാണ്. ജനവിധി മാനിക്കുന്നുവെന്ന പ്രസ്താവനയുമായി പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ ജെ.പി.നദ്ദയും രംഗത്തുവന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ദല്‍ഹിയിലെ ജനവിധി സി.എ.എക്കെതിരായ വിധിയല്ലെന്നും കെജ്‌രിവാള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് നേടിയതാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പറയുന്നു.
ദേശവിരുദ്ധരെ വെടിവെക്കൂ, തുക്‌ഡെ തുക്‌ഡെ സംഘം, ദേശവിരുദ്ധര്‍, തീവ്രവാദികള്‍, പാക്കിസ്ഥാന്റെ ഭാഷ സംസാരിക്കുന്നവര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ട ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം ശരിക്കും ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പോലെ ആയിരുന്നു. കേന്ദ്ര മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി ഷഹീന്‍ ബാഗിലെ പ്രതിഷേധക്കര്‍ക്ക് നേരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ ഏറ്റവും രൂക്ഷമായ വിദ്വേഷ മുദ്രാവാക്യങ്ങള്‍ നിറഞ്ഞിരുന്ന ദല്‍ഹിയില്‍ പക്ഷേ, ബി.ജെ.പിക്ക് തങ്ങളുടെ സീറ്റുകള്‍ ഇരട്ട അക്കത്തിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ദല്‍ഹിയിലെ 70 സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് പാര്‍ട്ടി നേടിയത്.
ഇത് ജാര്‍ഖണ്ഡിലെ തോല്‍വിയുടെ തൊട്ടടുത്ത് വരുന്നു. അതിനുമുമ്പ് മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടു. നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു.
വിദ്വേഷ പ്രചാരണം അഴിച്ചുവിടാനും ചെറിയ സംസ്ഥാനമായ ദല്‍ഹി കീഴടക്കാനും കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, 240 ഓളം എം.പിമാര്‍ എന്നിവര്‍ക്കു പുറമെ, നൂറുകണക്കിന് പ്രവര്‍ത്തകരേയും കാവിപ്പട വിന്യസിച്ചിരുന്നു. സഖ്യകക്ഷി നേതാവായ നിതീഷ് കുമാറിനെയും കൊണ്ടുവന്നു.
ദല്‍ഹി പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ചത് അനുയായികള്‍ ചാണക്യനെന്നും ഇന്ത്യയുടെ ഉരക്കുമനുഷ്യനെന്നും വിളിക്കുന്ന അമിത് ഷാ ആയിരുന്നു. എല്ലാ പിന്തുണയും നല്‍കിയതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു.
വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ആയുധമായാണ് ഷഹീന്‍ ബാഗ് പ്രതിഷേധത്തെ അമിത്ഷാ ഉപയോഗിച്ചത്. ദല്‍ഹിയിലെ റോഡുകളിലും ഉപറോഡുകളിലുമായി മുപ്പതിലധികം പ്രചാരണ യോഗങ്ങളില്‍ സംസാരിച്ച അദ്ദേഹം എട്ട് റോഡ് ഷോകള്‍ നടത്തി.
പോളിംഗ് ദിവസം വളരെ ശക്തമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ താമര ബട്ടണില്‍ അമര്‍ത്താന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രചാരണം.
ഷഹീന്‍ ബാഗിനെ വളര്‍ത്തിക്കൊണ്ടുവരികയും സി.എ.എ വിരുദ്ധ പ്രക്ഷോഭകരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന രാഹുല്‍ ബാബയേയും കെജ്‌രിവാളിനേയും വേണോ ദേശഭക്തരായ മോഡിയേയും ബി.ജെ.പിയേയും വേണോ എന്ന് ചോദിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗങ്ങള്‍. ഈ പ്രസംഗങ്ങളുടെ പാത പിന്തുടര്‍ന്നാണ് മന്ത്രിമാരും മുഖ്യമന്ത്രിമാരും വിദ്വേഷ പ്രചാരണവുമായി മുന്നോട്ട് പോയത്.