തിരുവനന്തപുരം- സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങള്‍ സംസ്ഥാന പോലിസ് മേധാവിക്ക് എതിരെ ഉയര്‍ത്തി സിഎജി റിപ്പോര്‍ട്ട്. പോലിസ് സേനയില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടുണ്ടെന്നും പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചതായും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് സിഎജി നിയമസഭയില്‍ വെച്ചത്. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ 25 റൈഫിളുകള്‍ കാണാതായി. 12061 വെടിയുണ്ടകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായതിന് പകരം വ്യാജവെടിയുണ്ടകളാണ് വെച്ചിരിക്കുന്നത്. തൃശൂര്‍ പോലിസ് അക്കാദമിയില്‍ നിന്ന് ഇരുന്നൂറ് വെടിയുണ്ടകളുടെ കുറവുണ്ട്. കൂടാതെ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെ അഴിമതി ആരോപണവും സിഎജി റിപ്പോര്‍ട്ടിലുണ്ട്. പോലിസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിന്റെ ഫണ്ടില്‍ നിന്ന് 2.81 കോടിരൂപ വകമാറ്റിയതായും എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാന്‍ ഈ തുക ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കാര്‍ വാങ്ങിയ ഇനത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും സിഎജി പറഞ്ഞു.
എന്നാല്‍ ഇതിനൊക്കെ ഉത്തരവാദികളായവര്‍ക്ക് എതിരെ സംസ്ഥാന പോലിസ് മേധാവി നടപടികളെടുത്തിട്ടില്ല. വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വിശദീകരണമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് കമാന്റന്റിനോട് മറുപടി ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. രേഖകള്‍ തിരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടായത്. കാണാതായ വെടിയുണ്ടകള്‍ കണ്ടെത്തുന്നതിനും റൈഫിളുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ബറ്റാലിയനുകളിലും പോലിസ് സ്റ്റേഷനുകളിലും ആയുധങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും എജി ആവശ്യപ്പെട്ടു.