തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള കേരളസര്‍ക്കാരിന്റെ ശിപാര്‍ശകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. പത്മവിഭൂഷണ്‍,പത്മഭൂഷണ്‍,പത്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കേണ്ട 56 പേരുടെ പട്ടികയാണ് അയച്ചത്. പത്മവിഭൂഷണ് വേണ്ടി എംടി വാസുദേവന്‍ നായരെയാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.
പത്മഭൂഷണിനായി കലാമണ്ഡലം ഗോപി (കഥകളി),മമ്മൂട്ടി(സിനിമ)സുഗതകുമാരി (സാഹിത്യം,സാമൂഹ്യപ്രവര്‍ത്തനം) മട്ടന്നൂര്‍ ശങ്കരന്‍കുട്ടി(കല)റസൂല്‍പൂക്കുട്ടി(സിനിമ), മധു (സിനിമ) ശോഭന (സിനിമ) പെരുവനം കുട്ടന്‍മാരാര്‍ (കല) എന്നിവരെയാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്.
പത്മശ്രീ പുരസ്‌കാരത്തിന് സൂര്യകൃഷ്ണമൂര്‍ത്തി (കല) ബിഷപ്പ് സൂസെപാക്യം(സാമൂഹ്യ പ്രവര്‍ത്തനം) കാനായി കുഞ്ഞിരാമന്‍ (ശില്‍പി) ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്) കെപിഎസി ലളിത (സിനിമ) എംഎന്‍കാരശേരി (വിദ്യാഭ്യാസം ,സംസ്‌കാരം) ഡോ.പി.വി ഗംഗാധാരന്‍ (ആരോഗ്യം) നെടുമുടി വേണു (സിനിമ) പി ജയചന്ദ്രന്‍(സംഗീതം) ഐഎം വിജയന്‍ (കായികം) ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം) അടക്കമുള്ള 47 ശിപാര്‍ശ ചെയ്തു. ഈ പട്ടിക പൂര്‍ണമായും തള്ളിയ കേന്ദ്രസര്‍ക്കാര്‍ ആത്മീയാചാര്യന്‍ എം മുംതാസ് അലി, അന്തരിച്ച നിയമപണ്ഡിതന്‍ പ്രൊഫ. എന്‍ആര്‍ മാധവമേനോന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി.