കോഴിക്കോട്- ദല്‍ഹിയില്‍ ബി.ജെ.പിയെ തോല്‍പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ദേശീയ തലസ്ഥാനത്ത് സിപിഎമ്മിന്റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍.
ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ, ദല്‍ഹി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പോസ്റ്റ്. ഇതിനുലഭിച്ച ഭൂരിഭാഗം കമന്റുകളും സിപിഎമ്മിനെ ട്രോളിക്കൊണ്ടാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ദല്‍ഹിയില്‍ സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനവും സിപിഐയുടേത് 0.02 ശതമാനവുമാണ്. ആറ് മണ്ഡലങ്ങളില്‍നിന്നായി ഇരുപാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് ആകെ 3,190 വോട്ടുകള്‍. എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി. നോട്ടയ്ക്ക് 0.46 ശതമാനം വോട്ടുകള്‍ ലഭിച്ചു.
സ്വന്തം പരാജയം മറയ്ക്കാനായി സിപിഎമ്മിനെതിരെ വിമര്‍ശവുമായി ബിജെപിയും സംഘപരിവാറും രംഗത്തുണ്ട്.
വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ എന്നാണ് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കമന്റ്. സിപിഎമ്മിന് പരമ്പരാഗതമായി സ്വാധീനമില്ലാത്ത ദല്‍ഹി പോലൊരു സ്ഥലത്തെ വോട്ട് ചൂണ്ടിക്കാട്ടി ബിജെപിയുടെ പരാജയം മറയ്ക്കാനാവില്ലെന്ന് സിപിഎം അനകൂലികള്‍ തിരിച്ചടിച്ചു.