ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സുഭാഷ് ചോപ്രയുടെ രാജി. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസിന്റെ വോട്ട്.
ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തില്‍ 15 വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇതു തുടര്‍ച്ചയായി രണ്ടാംതവണയാണ് വട്ടപൂജ്യമാകുന്നത്.
കോണ്‍ഗ്രസ് സംസ്ഥാനത്ത് 66 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 63 സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. മൂന്ന് പേര്‍ മാത്രമാണ് കെട്ടിവച്ച പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്.
ഷീല ദീക്ഷിതിന് ശേഷം ദല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത സുഭാഷ് ചോപ്രക്ക് പാര്‍ട്ടിയെ സജീവമാക്കാനോ തമ്മിലടി അവസാനിപ്പാക്കാനോ സാധിച്ചില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ ആംആദ്മിയെ തള്ളി രണ്ടാമതെത്താനും കഴിഞ്ഞിരുന്നു.