റിയാദ്- പൊതുസമൂഹത്തിന്റെ മനസ്സറിഞ്ഞ് മുന്നോട്ട് പോകാൻ സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം നടപടികളെടുക്കുന്നു. പൊതുരംഗത്ത് നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയാണ് മുന്നോട്ട് പോകുന്നത്.
സൗദി വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ.മാജിദ് അൽഖസബി ട്വിറ്ററിലൂടെയാണ് പൊതുസമൂഹത്തിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചത്.
വാണിജ്യ, നിക്ഷേപ മന്ത്രിയോ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയോ ആണ് താങ്കളെങ്കിൽ എന്തെല്ലാം തീരുമാനങ്ങളാണ് കൈക്കൊള്ളുക എന്ന ട്വീറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രിയുമായ ഡോ.മാജിദ് അൽഖസബി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെയും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെയും പ്രവർത്തന, സേവന നിലവാരങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായ അഭിപ്രായ, നിർദേശങ്ങൾ പൊതുസമൂഹത്തിൽ നിന്ന് തേടിയിരുന്നു. മന്ത്രിയുടെ ട്വീറ്റുമായി പ്രതികരിച്ച് 12,000 ലേറെ പേർ അഭിപ്രായ, നിർദേശങ്ങൾ പ്രകടിപ്പിച്ചു.
ഇവ വിശദമായി പഠിച്ചാണ് മന്ത്രാലയത്തിന്റെ സേവന നിലവാരവും ബിസിനസ് സാഹചര്യവും മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഉതകുന്ന അഭിപ്രായ, നിർദേശങ്ങൾ തരംതിരിച്ച് ക്രോഡീകരിച്ച് കർമ പദ്ധതിയാക്കി മാറ്റി നടപ്പാക്കാൻ തുടങ്ങിയതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി അറിയിച്ചു. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒമ്പതു മേഖലകളിൽ പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച അഭിപ്രായ, നിർദേശങ്ങളെ തരംതിരിച്ച് പഠിച്ചാണ് കർമ പദ്ധതി തയാറാക്കിയിരിക്കുന്നത്.
പൊതുസമൂഹത്തിൽ നിന്ന് ലഭിച്ച അഭിപ്രായ, നിർദേശങ്ങളിൽ 60 ശതമാനം ബിസിനസ് മേഖലയുമായി ബന്ധപ്പെട്ടവയും 19 ശതമാനം ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ടവയും അഞ്ചു ശതമാനം പൊതു നിർദേശങ്ങളും അഞ്ചു ശതമാനം ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടവയും നാലു ശതമാനം നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ടവയും മൂന്നു ശതമാനം ചേംബർ ഓഫ് കൊമേഴ്‌സുകളുടെ നവീകരണവുമായി ബന്ധപ്പെട്ടവയും രണ്ടു ശതമാനം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടവയും ഒരു ശതമാനം എൻജിനീയർമാരുടെ കാര്യക്ഷമത ഉയർത്തുന്നതുമായി ബന്ധപ്പെട്ടവയും ഒരു ശതമാനം ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടവയുമായിരുന്നു.