മുംബൈ- ദൽഹിയിൽ ആം ആദ്മി നേടിയ വിജയത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ജനങ്ങൾ ആഗ്രഹിക്കുന്നതും രാജ്യം സഞ്ചരിക്കുന്നതും ജൻ കി ബാത്തിലൂടെയാണെന്നും മൻ കി ബാത്തിലൂടെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ പറഞ്ഞു.
ദൽഹിയിൽ വൻ വിജയം നേടിയ ആം ആദ്മിയെയും അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിക്കുന്നു. കെജ്രിവാളിനെ ബി.ജെ.പി തീവ്രവാദി എന്ന് വിളിച്ചു. എന്നിട്ടും അദ്ദേഹത്തെ പരാജയപ്പെടുത്താനായില്ലെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.
ശിവസേനയുടെ മുതിർന്ന നേതാവ് അനിൽ പരാബും ആം ആദ്മിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഒന്നാം നിര നേതാക്കളെയെല്ലാം മുന്നിൽനിർത്തിയിട്ടും ബി.ജെ.പിക്ക് വിജയിക്കാനായില്ലെന്നും ജനം അവരെ തിരസ്‌കരിച്ചെന്നും അനിൽ പരാബ് വ്യക്തമാക്കി.