ന്യൂദൽഹി- ദൽഹിയിൽ ബി.ജെ.പി വൻ വിജയം നേടുന്നത് തന്റെ ആറാമിന്ദ്രിയത്തിലൂടെ കാണുന്നുവെന്ന് അവകാശപ്പെട്ട പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി കുരുക്കിലാക്കി മാധ്യമപ്രവർത്തകർ. ബി.ജെ.പി വിജയിക്കുമെന്നും സംശയമുള്ളവർ തന്റെ ട്വീറ്റുകൾ സൂക്ഷിച്ചുവെച്ചോള്ളൂവെന്നുമുള്ള താങ്കളുടെ ട്വീറ്റുകൾ ഞങ്ങൾ എടുത്തുവെച്ചിരുന്നുവെന്നും ഇനിയത് ഡിലീറ്റ് ചെയ്യട്ടെ എന്നുമുള്ള പത്രലേഖകരുടെ ചോദ്യത്തിന് പാർട്ടി നേതാവ് എന്ന നിലയിൽ വേറെ എന്ത് ചെയ്യുമെന്ന് മറുചോദ്യം ഉന്നയിച്ചാണ് തിവാരി പ്രതിരോധം തീർത്തത്. ആറാമിന്ദ്രിയത്തിലൂടെ ബി.ജെ.പി വിജയം പ്രവചിച്ചിരുന്നുവല്ലോ എന്ന ചോദ്യത്തിനും തിവാരിക്ക് മറുപടിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പലയിടങ്ങളിൽനിന്ന് ലഭിച്ച അനുകൂല തരംഗം കണ്ട ബി.ജെ.പി വൻ വിജയം നേടുമെന്ന് ആറാമിന്ദ്രിയം തോന്നിപ്പിച്ചുവെന്നായിരുന്നു തിവാരിയുടെ മറുപടി. പാർട്ടിയുടെ ആഭ്യന്തര സർവേയിലും 48 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചിരുന്നുവെന്നും അതാണ് ഇത്തരത്തിൽ പറഞ്ഞതെന്നും വ്യക്തമാക്കി മനോജ് തിവാരി തലയൂരി.