ന്യൂദൽഹി- ദൽഹി സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തന്റെ ആറാമിന്ദ്രിയത്തിലൂടെ കണ്ടുവെന്ന് അവകാശപ്പെട്ട ബി.ജെ.പി സംസ്ഥാന നേതാവ് മനോജ് തിവാരി ആം ആദ്മിയെ അഭിനന്ദിച്ച് രംഗത്ത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും കഴിയട്ടെയെന്ന് മനോജ് തിവാരി ആശംസിച്ചു. ഇന്ന് വോട്ടെടുപ്പ് പകുതി പിന്നിടുമ്പോഴും വൻ ആത്മവിശ്വാസമാണ് തിവാരി പ്രകടിപ്പിച്ചിരുന്നത്. ബി.ജെ.പി എന്തായാലും വിജയിക്കുമെന്നും പ്രവർത്തകർ ക്ഷമയോടെ കാത്തിരിക്കൂവെന്നുമായിരുന്നു തിവാരിയുടെ ട്വീറ്റ്. ബി.ജെ.പി അധികാരത്തിൽ വരുമെന്ന തന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് എടുത്തുവെക്കാൻ തിവാരി വെല്ലുവിളിച്ചിരുന്നു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഏഴ് സീറ്റിൽ ബി.ജെ.പി ഒതുങ്ങിയെന്ന് വ്യക്തമായതോടെയാണ് ആം ആദ്മിയെ അഭിനന്ദിച്ച് തിവാരി രംഗത്തെത്തിയത്. 48 സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന തിവാരി ഇന്ന് പരാജയത്തിന്റെ കാരണം വിലയിരുത്തുമെന്നും കൂടുതൽ പ്രവർത്തനനിരതമാകുമെന്നും തോൽവിക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.