ന്യൂദൽഹി- തോക്കു രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യം അംഗീകരിക്കില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദൽഹിയിലെ വോട്ടർമാർ ബി.ജെ.പിക്ക് നൽകിയത്. ഷഹീൻ ബാഗിലും ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലും ബി.ജെ.പിയുടെ തന്നെ മൗനസമ്മതത്തോടെ നടന്ന വെടിവെപ്പുകളെ ജനം പൂർണ്ണമായും തള്ളിക്കളഞ്ഞു. ബി.ജെ.പിക്ക് ദൽഹിയിലേറ്റ വൻ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടികാണിക്കുന്നതും ഈ തോക്ക് രാഷ്ട്രീയം തന്നെയാണ്. ബി.ജെ.പിയെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവരെ വെടിവെച്ചുകൊല്ലണമെന്ന് പരസ്യമായി പറയാൻ ധൈര്യം കാണിക്കാനും തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി തയ്യാറായി. ഗോലി മാരോ (ദേശദ്രോഹികളെ വെടിവെക്കുക) എന്ന് ബി.ജെ.പി പരസ്യ മുദ്രാവാക്യം വിളിച്ചു. ഇതിനെ തളളിപ്പറയാൻ പോലും പ്രധാനമന്ത്രി അടക്കമുള്ളവർ തയ്യാറായില്ല.
വികസനത്തെ പറ്റി ഒന്നും പറയാതെ ദൽഹിയിലും ഹിന്ദുത്വ അജണ്ടകൾ തന്നെയായിരുന്നു ദൽഹിയിലും ബി.ജെ.പി മുന്നോട്ടുവെച്ചത്. ദേശീയത എന്ന വികാരമുണ്ടാക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ബി.ജെ.പി ശ്രമവും പാഴായി.
മോഡി-ഷാ എന്ന ദ്വന്ദത്തെ തന്നെ ഒരുപാട് കാലം ആശ്രയിക്കാനാകില്ലെന്ന തിരിച്ചറിവ് കൂടി ബി.ജെ.പി നൽകുന്നതാണ് ദൽഹിയിലെ പരാജയം. മറ്റെല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ദൽഹിയിലും ബി.ജെ.പി പരീക്ഷിച്ചത് മോഡി-ഷാ സഖ്യത്തെ തന്നെയായിരുന്നു. ഇവരുടെ പ്രസംഗങ്ങൾക്ക് ആളുകൾ കൂടിയെങ്കിലും അതൊന്നും വോട്ടായില്ല. ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാനും ദൽഹിയിൽ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മനോജ് തിവാരി അവസാന നിമിഷം വരെ താനായിരിക്കും പുതിയ മുഖ്യമന്ത്രിയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. താൻ ആറാമിന്ദ്രിയത്തിലൂടെ ദൽഹിയിൽ ബി.ജെ.പി യുടെ വിജയം കാണുന്നുവെന്ന് മനോജ് തിവാരി അവകാശപ്പെട്ടിരുന്നു. ബി.ജെ.പിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് പാർട്ടി ഒരിക്കൽ കൂടി രാജ്യതലസ്ഥാനത്ത് അടിയറവ് പറയുന്നത്.