Sorry, you need to enable JavaScript to visit this website.

രണ്ടാം ക്ലാസ് വിദ്യാർഥിയുടെ മുഖം പേപ്പട്ടി കടിച്ചുകീറി

കട്ടപ്പന- സ്കൂളില്‍ പോകുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിയുടെ മുഖം പേപ്പട്ടി കടിച്ചു കീറി. ഇടുക്കി കട്ടപ്പനയിലാണ്  സംഭവം.അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകന്‍ മെബിനാണ് പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.വെള്ളയാംകുടി നിര്‍മല്‍ ജ്യോതി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മെബിന്‍.‍

റോഡിലൂടെ നടക്കുകയായിരുന്ന മെബിന്റെ അടുത്തേക്ക് ഓടിയെത്തിയ പട്ടി ശരീരത്തിലേക്ക് ചാടിക്കയറുകയും നിലത്തുവീണ കുട്ടിയുടെ മുകളില്‍ കയറി മുഖം കടിക്കുകയുമായിരുന്നു.

കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ കുട്ടിയെ  അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പട്ടിയെ ഓടിച്ച ശേഷം രക്തത്തില്‍ കുളിച്ചുകിടന്ന മെബിനെ ആശുപത്രിയിലെത്തിച്ചത്.

മെബിനെ കടിച്ചശേഷം മറ്റ് രണ്ടുപേരെക്കൂടി കടിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

 

Latest News