ജയ്പൂർ- ടിക് ടോകില്‍ പെണ്‍കുട്ടിക്കൊപ്പം വീഡിയോ എടുത്തതിന് കൗമാരക്കാരനെ ക്രൂരമായി മർദിക്കുകയും നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലാണ് കൗമാരക്കാരന് ക്രൂര പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ സഹോദരനാണ് യുവാവിനെ ബെല്‍റ്റുകൊണ്ടു മര്‍ദിക്കുകയും നഗ്‌നനാക്കി റോഡുകളിലൂടെ നടത്തിക്കുകയും ചെയ്തത്.
പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരും ഇതിന്റെ വിഡിയോ എടുത്തു പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു രണ്ടുപേര്‍ ഒളിവിലാണ്.
കൗമാരക്കാരന്‍ മാപ്പപേക്ഷിച്ചു കരഞ്ഞിട്ടും യുവാവും കൂട്ടുകാരും ചേര്‍ന്ന് ബെല്‍റ്റ് കൊണ്ട് തുടർച്ചയായി മര്‍ദിക്കുകയും നഗ്‌നനാക്കി നടത്തുകയുമായിരുന്നു. കൗമാരക്കാരന്റെ വീട്ടുകാര്‍ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് അറസ്റ്റ്.
അതേസമയം മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം കൗമാരക്കാരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.