ന്യൂദല്‍ഹി-മുനവര്‍ റാണയുടെ മകളും സാമൂഹ്യപ്രവര്‍ത്തകയുമായ സുമയ്യ റാണയോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംപി സതീഷ് ഗൗതം. ഈ ഇന്ത്യയില്‍ ശ്വാസം മുട്ടുന്നുണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളൂ എന്നാണ് എംപിയുടെ പ്രസ്താവന. അലിഗഡ് എംപിയാണ് സതീഷ് ഗൗതം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലെ സുമയ്യയുടെ പ്രസംഗത്തിനെതിരെയാണ് എംപിയുടെ പ്രതികരണം. ഉത്തര്‍പ്രദേശ് പൊലീസ് സ്വേച്ഛാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് തുടരാന്‍ അനുവദിക്കില്ലെന്നും സത്യം തുറന്നു പറഞ്ഞതിനാണ് തനിക്കും സഹോദരിക്കുമെതിരെ 144ാം വകുപ്പ് ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്തിരിക്കുന്നതെന്നുമാണ് സുമയ്യ പറഞ്ഞത്
അതേ സമയം അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോഴും സമരം ചെയ്യുന്നവര്‍ക്ക് സതീഷ് ഗൗതം താക്കീത് നല്‍കി. ഇപ്പോഴും പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന 150 വിദ്യാര്‍ത്ഥികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്യാംപസിലുണ്ടായിരിക്കില്ലെന്ന് എംപി പറഞ്ഞു. എന്നാല്‍ വളരെ ശാന്തമായും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്ത്രീകള്‍ സമരം ചെയ്യുന്നതെന്ന് സുമയ്യ റാണ പറഞ്ഞു.