ന്യൂദല്‍ഹി- കൊറോണാ വൈറസ് പിടിവിട്ട് പായുന്ന ഘട്ടത്തില്‍ ചൈനയിലേക്കുള്ള സുരക്ഷാ വസ്ത്രങ്ങളുടെ കയറ്റുമതി വിലക്ക് നീക്കി ഇന്ത്യ. ഫെബ്രുവരി 1നാണ് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയത്. എന്നാല്‍ ചൈനയ്ക്ക് അടിയന്തര സഹായം ആവശ്യമായി വന്ന ഘട്ടത്തിലാണ് ഇന്ത്യ ഇവയുടെ വിലക്ക് നീക്കി രണ്ട് വലിയ കപ്പല്‍ ചരക്കുകള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയത്. ചൈനയിലേക്കുള്ള അര ഡസന്‍ ചരക്കുകളും അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോടെ ചൈനയിലെ ഇറക്കുമതിക്കാരും, ഇന്ത്യയിലെ നിര്‍മ്മാതാക്കളും വ്യാപാര അടിസ്ഥാനത്തിലാണ് സാധനങ്ങള്‍ അയയ്ക്കുന്നത്.
ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി വഴി ഇന്ത്യ അയല്‍ക്കാര്‍ക്ക് വൈറസ് പ്രതിരോധ നടപടികളില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധി വ്യാപകമാകുന്ന ഘട്ടത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന് കത്തയച്ചിരുന്നു. ഗുരുതര ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഇന്ത്യയുടെ സഹായ സന്നദ്ധതയും കത്തില്‍ അറിയിച്ചു.