അറാര്‍ - അതിശൈത്യം കണക്കിലെടുത്ത് ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ പെട്ട തുറൈഫിലും ഹസ്മുല്‍ജലാമീദിലും ചൊവ്വാഴ്ചസ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് മേധാവി ഉസ്മാന്‍ അല്‍ഉസ്മാനാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയത്.
ഉത്തര സൗദി അതിശൈത്യത്തിന്റെ പിടിയിലാണ്. കൊടും തണുപ്പ് കണക്കിലെടുത്ത് ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, ഹായില്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പുനഃക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
തുറൈഫില്‍ നാളെ പ്രതീക്ഷിക്കുന്ന കൂടിയ താപനില ആറു ഡിഗ്രിയും കുറഞ്ഞ താപനില മൈനസ് അഞ്ചു ഡിഗ്രിയുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില ഹഫര്‍ അല്‍ബാത്തിനില്‍ ഒരു ഡിഗ്രിയും റഫ്ഹയില്‍ പൂജ്യം ഡിഗ്രിയും ഖുറയ്യാത്തില്‍ മൈനസ് ഒരു ഡിഗ്രിയും അറാറില്‍ മൈനസ് രണ്ടു ഡിഗ്രിയും സകാക്കയില്‍ മൈനസ് ഒരു ഡിഗ്രിയുമായിരിക്കുമെന്നും പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു.