തിരുവനന്തപുരം- കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളുടെ പൂര്‍ണവിവരങ്ങളുള്ള പട്ടിക കോടതിയ്ക്ക് നല്‍കുന്നില്ലെന്ന് കാണിച്ച് മേജര്‍ രവി നല്‍കിയ ഹരജിയില്‍ വിശദീകരണം തേടി സുപ്രിംകോടതി. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി രണ്ടാഴ്ച്ചയാണ് ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചത്. ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചാണ് മേജര്‍രവിയുടെ ഹരജി പരിഗണിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്നാണ് ഹരജിക്കാരന്റെ വാദം. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെ മരടില്‍ മാത്രം 200ല്‍പരം ഫ്‌ളാറ്റുകള്‍ തീരദേശ ചട്ടം പാലിക്കാതെ നിര്‍മിച്ചവയാണെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ അനധികൃത നിര്‍മാണങ്ങളെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.