റിയാദ് - വിദേശികള്‍ക്കുള്ള ആശ്രിത ലെവിയും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ലെവിയും കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ തുകയില്‍ ഈ വര്‍ഷം സ്ഥിരപ്പെടുത്തുന്ന കാര്യം വാണിജ്യ, നിക്ഷേപ മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദിയില്‍ കഴിയുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ആവശ്യം മുന്നോട്ടുവെച്ചത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മുന്‍തീരുമാന പ്രകാരം വിദേശികള്‍ക്കുള്ള ലെവി പരമാവധി പരിധിയിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ സൗദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആണ്. കഴിഞ്ഞ കൊല്ലം ഇത് യഥാക്രമം 600 റിയാലും 500 റിയാലും വീതം ആയിരുന്നു. നിലവില്‍ ആശ്രിത ലെവി മാസത്തില്‍ 300 റിയാലാണ്. അടുത്ത ജൂലൈയില്‍ ഇത് 400 റിയാലായി ഉയരും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന തോതിലേക്ക് ലെവി കുറക്കുന്ന കാര്യവും കഴിഞ്ഞ കൊല്ലത്തെ നിരക്കില്‍ ലെവി സ്ഥിരപ്പെടുത്തുന്ന കാര്യവും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ഏകോപനം നടത്തി വാണിജ്യ, നിക്ഷേപ മന്ത്രാലയം പഠിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പഠിച്ച് ശൂറാ കൗണ്‍സിലിലെ സാമ്പത്തിക, ഊര്‍ജ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആശ്രിത ലെവിയും സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്കുള്ള ലെവിയും കഴിഞ്ഞ വര്‍ഷം പ്രാബല്യത്തിലുണ്ടായിരുന്ന അതേ നിലവാരത്തില്‍ ഈ കൊല്ലവും സ്ഥിരപ്പെടുത്തുന്ന കാര്യം മന്ത്രാലയം പഠിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. വിശദമായ ചര്‍ച്ചകള്‍ നടത്തിയും അംഗങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായ, നിര്‍ദേശങ്ങളില്‍ സാമ്പത്തിക, ഊര്‍ജ കമ്മിറ്റി നല്‍കിയ മറുപടികള്‍ വിലയിരുത്തിയുമാണ് കമ്മിറ്റി മുന്നോട്ടുവെച്ച ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചത്.