അബഹ - ബീശ ആരോഗ്യ വകുപ്പിൽ വഴിവിട്ട നിയമനങ്ങൾ നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ വഴിവിട്ട് നിയമിച്ചെന്നാണ് ആരോപണം. മാസങ്ങൾക്കു മുമ്പ് പരസ്യപ്പെടുത്തിയ ഒഴിവുകളിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ ചട്ടവിരുദ്ധമായി നിയമിച്ചത്.
ആരോഗ്യ മന്ത്രാലയവുമായി കരാർ ഒപ്പുവെച്ച കമ്പനിയിൽ ആറു മുതൽ പതിനഞ്ചു വർഷം വരെ പരിചയ സമ്പത്തുള്ള ഉദ്യോഗാർഥികളെ മറികടന്നാണ് ഒരുവിധ പരിചയ സമ്പത്തുമില്ലാത്ത ബന്ധുക്കൾക്ക് ഉദ്യോഗസ്ഥർ നിയമനം നൽകിയതെന്ന് ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ കുറ്റപ്പെടുത്തി. സംഭവത്തിൽ അസീർ പ്രവിശ്യക്കു പുറത്തുള്ള നിഷ്പക്ഷ കമ്മിറ്റി അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ നടപടികളെടുക്കണമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ബീശ ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ട്വിറ്ററിൽ ഹാഷ്ടാഗ് ആരംഭിച്ചിട്ടുമുണ്ട്.