ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. ജാമിഅ നഗറില്‍ നിന്നുള്ള പ്രദേശവാസികളും വിദ്യാര്‍ഥികളുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരേയാണ് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
സര്‍വകലാശാലയുടെ ഏഴാം നമ്പര്‍ കവാടത്തില്‍നിന്നു പുറപ്പെട്ട റാലി ഓഖ്‌ലയിലെ ഹോളി ഫാമിലി ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് വിദ്യാര്‍ഥികള്‍ മുന്നേറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തി വീശിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ പോലീസ് വളഞ്ഞു വെച്ചു മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. ജാമിഅ നഗറില്‍ നിന്നുള്ള പരിസരവാസികള്‍ക്കും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ വിദ്യാര്‍ഥികളെ സമീപത്തുള്ള അന്‍സാരി ഹെല്‍ത്ത് സെന്റര്‍, ഹോളി ഫാമിലി ആശുപത്രി, അല്‍ശിഫ ഹോസ്പിറ്റില്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
പാര്‍ലമെന്റ് മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നുവെന്നാണു പോലീസ് പറയുന്നത്. ജാമിഅ സര്‍വകലാശാല ചീഫ് പ്രൊക്ടര്‍ വസീം അഹമ്മദും വിദ്യാര്‍ഥികളോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിഷേധിക്കാന്‍ തങ്ങള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പറഞ്ഞ പ്രതിഷേധക്കാര്‍ മുന്നോട്ട് നീങ്ങി. ബ്രീട്ടീഷുകാരെ ഭയന്നിട്ടില്ല പിന്നെന്തിന് മറ്റുള്ളവരെ ഭയക്കണം, ഞങ്ങള്‍ രേഖകള്‍ കാണിക്കില്ല (കാഗസ് നഹീ ദിഖായേംഗേ) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും അണിനിരന്നത്.