ലഖ്നൌ- ബുർഖ ധരിക്കുന്നത് തീവ്രവാദികളാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ്.
ആഗ്രയിലെ ഷാജാമൽ പ്രദേശത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരെ തുടരുന്ന സ്ത്രീകളുടെ പ്രതിഷേധത്തെ വിമർശിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. തീവ്രവാദികൾ തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാനാണ് ബുർഖ ധരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അറേബ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ബുർഖ ധരിക്കുന്നത് ഇന്ത്യൻ ആചാരമല്ലെന്നും രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷമുണ്ടായ ബോംബ് സ്ഫോടന പരമ്പരകളെ തുടര്‍ന്ന് ശ്രീലങ്ക ബുര്‍ഖ നിരോധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. സ്ഫോടനങ്ങളില്‍ നിരവധി പേർ കൊല്ലപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മോഡിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാജ്യത്തിന്റെ പ്രതിരൂപങ്ങളാണെന്നും അവർക്കെതിരായ പ്രസ്താവനകള്‍ ആരും സഹിക്കില്ലെന്നും മോഡിയെ ആളുകള്‍ തല്ലുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനെ ചോദ്യം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് മന്ത്രി രഘുരാജ് സിങ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.