Sorry, you need to enable JavaScript to visit this website.

ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി

അപകടം ഒഴിവായത് തലനാരിഴക്ക്

ജിദ്ദ- കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി. തുര്‍ക്കിയിലെ ബജറ്റ് വിമാന കമ്പനിയായ ഒണുര്‍ എയറിനു കീഴിലെ വിമാനമാണ് എമര്‍ജന്‍സി ലാന്റിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയത്. ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടന്‍ ടയറുകളുമായി ബന്ധപ്പെട്ട ഹൈഡ്രോളിക് സംവിധാനത്തില്‍ സാങ്കേതിക തകരാറ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം ജിദ്ദയില്‍ തന്നെ തിരിച്ചിറക്കുന്നതിന് പൈലറ്റ് നിര്‍ബന്ധിതനാവുകയായിരുന്നു. പ്രശ്‌നങ്ങളൊന്നും കൂടാതെ സുരക്ഷിതമായി ലാന്റിംഗ് നടത്താന്‍ സാധിക്കുന്നതിന് വിമാനത്തിലെ ഇന്ധനം ഒഴിവാക്കി ഭാരം കുറച്ചാണ് എമര്‍ജന്‍സി ലാന്റിംഗ് നടത്തിയത്.
ലാന്റിംഗിനിടെ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം ഏറെ ദൂരം മണ്ണിലൂടെ സഞ്ചരിച്ചതിനാല്‍ റണ്‍വേയില്‍ കാഴ്ച മറക്കും വിധം പൊടിപടലങ്ങള്‍ ഉയര്‍ന്നു. തലനാരിഴക്കാണ്  വന്‍ ദുരന്തം ഒഴിവായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എയര്‍പോര്‍ട്ടിലെ അഗ്നിശമന സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ലാന്റിംഗിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി മണ്ണിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒരാഴ്ചക്കിടെ ഇതേ കമ്പനിക്കു കീഴിലെ വിമാനം സൗദി എയര്‍പോര്‍ട്ടില്‍ അപകടത്തില്‍ പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞയാഴ്ച ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ ബോയിംഗ് 747 ഇനത്തില്‍ പെട്ട ഒണുര്‍ എയര്‍ കാര്‍ഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസി കേടുപാടുകള്‍ സംഭവിച്ചിരുന്നു. സ്‌പെയിനിലേക്ക് പോവുകയായിരുന്ന വിമാനം ഇതേത്തുടര്‍ന്ന് റൂട്ട് മാറ്റി ജിദ്ദ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി.
ഇന്നലെ കുവൈത്തില്‍ മറ്റൊരു വിമാനവും എമര്‍ജന്‍സി ലാന്റിംഗ് നടത്തി. കുവൈത്ത് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന കമ്പനിക്കു കീഴിലെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കുവൈത്ത് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇന്നലെ ഉച്ചക്ക് 12.07 ന് ആണ് ക്യാപ്റ്റന്‍ കുവൈത്ത് എയര്‍പോര്‍ട്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി ലാന്റിംഗിന് അനുമതി തേടിയത്. വിമാനം സുരക്ഷിതമായി ഇറങ്ങിയതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.

 

Latest News