സിങ്കപ്പൂര്‍ സിറ്റി- പുതിയ ജോലി ലഭിക്കാതിരിക്കാന്‍ കഴിവുകെട്ടവനെന്ന പരാമര്‍ശം നടത്തിയ കമ്പനി ഇന്ത്യക്കാരന് 40 ലക്ഷം സിങ്കപ്പൂര്‍ ഡോളര്‍ (ഏകദേശം രണ്ട് കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. സിങ്കപ്പൂരിലെ ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇന്ത്യക്കാരനായ രമേഷ് കൃഷ്ണന് ഇത്രയും തുക നല്‍കേണ്ടത്.
2012 ല്‍ രമേഷ് പുതിയ ജോലിക്ക് അപേക്ഷിച്ച സ്ഥാപനം പഴയ കമ്പനിയില്‍ നിന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കഴിവുകെട്ടവനെന്ന തരത്തില്‍ മറുപടി നല്‍കിയത്.
മികച്ച ഫിനാന്‍ഷ്യല്‍ ഡയരക്ടര്‍മാരില്‍ ഒരാളായി വിലയിരുത്തി രാജി വെക്കരുതെന്ന് അഭ്യര്‍ഥിച്ച ആക്‌സ കമ്പനി അക്കാര്യം വിസ്മരിച്ച് ഇയാള്‍ കാരണം നിരവധി ഇടപാടുകള്‍ നഷ്ടപ്പെട്ടുവെന്നാണ് രമേഷ് ജോലിക്ക് അപേക്ഷിച്ച പുതിയ സ്ഥാപനത്തിനു വിവരം നല്‍കിയത്. 630 ലക്ഷം സിങ്കപ്പൂര്‍ ഡോളറാണ് രമേഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഒരു ഡോളര്‍ നാമമാത്ര നഷ്ടപരിഹാരം മാത്രമേ വിധിക്കാവൂ എന്ന് കമ്പനിയും വാദിച്ചു.
നിയമപോരാട്ടത്തില്‍ 2015 ല്‍ പരാജയപ്പെട്ടെങ്കിലും ഇപ്പോള്‍ അപ്പീല്‍ കോടതിയാണ് രമേഷിന് നഷ്ടപരിഹാരം വിധിച്ചത്. ആക്‌സ കമ്പനി തെറ്റായ വിവരം നല്‍കിയതിനാലാണ് പ്രുഡന്‍ഷ്യല്‍ അഷ്വറന്‍സ് കമ്പനി അദ്ദേഹത്തിനു ജോലി നിഷേധിച്ചതെന്ന് കോടതി കണ്ടെത്തി. ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ നീതി ഉറപ്പാണെന്ന് വിധിക്കുശേഷം രമേഷ് കൃഷ്ണന്‍ പറഞ്ഞു.